അടൂര്‍ : കെഎസ്ആര്‍ടിസി ഡിപ്പോ യാര്‍ഡ് ഉടന്‍ നവീകരിക്കുമെന്ന് ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ പറഞ്ഞു. ചുറ്റുമതില്‍ നിര്‍മാണവും അനുബന്ധ പ്രവര്‍ത്തനങ്ങളും ഇതില്‍ ഉള്‍പ്പെടും. അടൂര്‍ കെഎസ്ആര്‍ടിസി ഡിപ്പോയുടെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനായി ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാറിന്റെ അധ്യക്ഷതയില്‍ തിരുവനന്തപുരത്ത് ഗതാഗതവകുപ്പ് മന്ത്രി ആന്റണി രാജു വിളിച്ചു ചേര്‍ത്ത യോഗത്തിലാണ് യാര്‍ഡ് നവീകരിക്കാന്‍ തീരുമാനമായത്. എംഎല്‍എ ഫണ്ട് ഉപയോഗിച്ച് കെഎസ്ആര്‍ടിസി നെയിംബോര്‍ഡും ഹൈമാസ്റ്റ് ലൈറ്റും സ്ഥാപിക്കും. ചുറ്റുമതില്‍, ജീവനക്കാരുടെ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതിനുളള സ്ഥലം, വിശ്രമ ഹാള്‍ ഉള്‍പ്പെടെയുളളവ നിര്‍മിക്കുമെന്നും അദ്ദേഹം പറഞ്ഞു.
മുടങ്ങിയ മണിപ്പാല്‍ സര്‍വീസ് സെപ്റ്റംബര്‍ ആദ്യവാരം മുതല്‍ ആരംഭിക്കും. അടൂര്‍ പന്തളം സ്റ്റാന്‍ഡുകളില്‍ നിന്ന് ഓപ്പറേറ്റ് ചെയ്തിരുന്ന ഓര്‍ഡിനറി സര്‍വീസുകള്‍ എത്രയും വേഗം ആരംഭിക്കാനും ഡ്രൈവര്‍മാരുടെ കുറവ് ഉണ്ടെങ്കില്‍ അതിനായി മാനേജിംഗ് ഡയറക്ടറോട് അഭ്യര്‍ഥിക്കാനും യോഗത്തില്‍ തീരുമാനമായി. കെഎസ്ആര്‍ടിസി സൗത്ത് സോണ്‍ എക്സിക്യുട്ടീവ് ഡയറക്റ്റര്‍ ജി അനില്‍കുമാര്‍,കണ്ട്രോളിംഗ് ഓഫീസര്‍ എം സാമുവല്‍, കണ്ട്രോളിംഗ് ഓഫീസര്‍ താജുദിന് സാഹിബ്, സ്പെഷ്യല്‍ ഓഫീസര്‍ സുനില്‍കുമാര്‍, സൂപ്രണ്ട് എം.വി ജിഷ , ജനറല്‍ കണ്ട്രോളിംഗ് ഇന്‍സ്പെക്റ്റര്‍ രാജേഷ് തോമസ്, പത്തനംതിട്ട ഡിസ്ട്രിക്ട് ഓഫീസര്‍ കെ. കെ ബിജി, എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ ബാല വിനായകന്, അസിസ്റ്റന്റ് എന്‍ജിനീയര്‍മാരായ ജെയിംസ്, നാന്‍സി , കണ്ട്രോളിംഗ് ഓഫീസര്‍ തോമസ് മാത്യു, വി ടിബി രാജ് എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.