അടൂര്‍ | സ്ത്രീധന പീഡനം കാരണം യുവതി ആത്മഹത്യ ചെയ്ത കേസില്‍ ഭര്‍ത്താവ് ഉള്‍പ്പെടെ മൂന്നുപേര്‍ അറസ്റ്റില്‍. ഏനാത്ത് പോലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് അറസ്റ്റ്. വയല എം ജി ഭവനം വീട്ടില്‍ ജിജി ജോയ് (31), ഇയാളുടെ പിതാവ് ജോയ് (63), മാതാവ് (സാറാമ്മ (58) എന്നിവരെയാണ് അടൂര്‍ ഡി വൈ എസ് പി. അര്‍ ബിനുവിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്. അമ്മു (22) എന്ന യുവതിയാണ് ജനുവരി 31 ന് ഭര്‍തൃ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കാണപ്പെട്ടത്.
ആത്മഹത്യയില്‍ സംശയമുയര്‍ന്നതിനെ തുടര്‍ന്ന് പെണ്‍കുട്ടിയുടെ വീട്ടുകാരുടെ പരാതിയില്‍ പോലീസ് കേസെടുത്ത് അന്വേഷണം നടത്തിവരികയായിരുന്നു. 2017 ലാണ് ഇരുവരുടെയും വിവാഹം നടന്നത്. സ്ത്രീധനത്തിന്റെ പേരില്‍ പെണ്‍കുട്ടിയെ ഭര്‍തൃഗൃഹത്തില്‍ ഭര്‍ത്താവും മാതാപിതാക്കളും പീഡനങ്ങള്‍ക്ക് വിധേയയാക്കിയതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് അറസ്റ്റ്. പോലീസ് ഇന്‍സ്പെക്ടര്‍ സുജിത്, എസ് ഐ സുരേഷ് ബാബു, സി പി ഒമാരായ പുഷ്പദാസ്, കിരണ്‍കുമാര്‍, ശ്യാം എന്നിവരും പ്രതികളെ അറസ്റ്റ് ചെയ്ത സംഘത്തിലുണ്ടായിരുന്നു.