പത്തനംതിട്ട: 2018ന് സമാനമായ രീതിയില്‍ പത്തനംതിട്ട നഗരത്തിന്റെ പലഭാഗങ്ങളും വെള്ളത്തില്‍ മുങ്ങുന്നത് ആശങ്ക ഉയര്‍ത്തുന്നു. റിംഗ് റോഡില്‍ വെള്ളം കയറി വാഹനങ്ങളും കടകളും മുങ്ങിയ നിലയിലാണ്. ഇവിടെയുള്ള പള്ളികളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും വെള്ളം ഇരച്ച് കയറി. സ്റ്റേഡിയവും പൂര്‍ണ്ണമായും മുങ്ങിയ നിലയിലാണ്.
പത്തനംതിട്ട നഗരത്തില്‍ നിന്നും അടൂര്‍ ഭാഗത്തേക്ക് യാത്ര ചെയ്യാന്‍ കഴിയാത്ത അവസ്ഥയാണ് നിലവില്‍. കിഴക്കന്‍ മേഖലയില്‍ നിന്നെത്തുന്ന മലവെള്ളവും ശക്തമായി തുടരുന്ന മഴയും കാരണം നഗരം ഉടന്‍ വെള്ളത്തിലാകുമെന്ന ആശങ്കയുണ്ട്. അച്ചന്‍കോവിലാറിലെ ജലനിരപ്പ് ഉയരുന്നതാണ് നഗരത്തില്‍ വെള്ളം കയറാന്‍ കാരണം. അച്ചന്‍കോവിലാറിന്റെ ഉത്ഭവ പ്രദേശങ്ങളായ അരുവാപ്പുലം ഉള്‍പ്പെടെയുള്ള സ്ഥലങ്ങള്‍ ഒറ്റപ്പെട്ട അവസ്ഥയിലാണ്. ഈ പ്രദേശങ്ങളിലുള്ളവരെ സുരക്ഷിതമായി ക്യാമ്പുകളിലേക്ക് മാറ്റി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
വടശ്ശേരിക്കര ഉള്‍പ്പെടെയുള്ള പ്രദേശങ്ങളില്‍ ജാഗ്രതാ നിര്‍ദ്ദേശമുണ്ട്. ഇന്നലെ ഏറ്റവുമധികം ജലനിരപ്പ് ഉയര്‍ന്നത് അടൂരിലാണ്. അടൂര്‍ മുന്‍സിപ്പാലിറ്റിയിലും സമീപത്തുള്ള അഞ്ച് പഞ്ചായത്തുകളിലും ഇതുവരെ കാണാത്ത രീതിയിലാണ് ജലനിരപ്പ് ഉയര്‍ന്നത്. കൊടുമണ്‍ പ്ലാന്റേഷനിലെ മണ്ണിടിഞ്ഞതാണ് ഇതിന് കാരണം.