പത്തനംതിട്ട: പട്ടാഴിമുക്കില്‍ കാർ ലോറിയിലേക്ക് ഇടിച്ചുകയറ്റി രണ്ട് പേർ മരിച്ച സംഭവത്തിലെ ദുരൂഹത നീക്കാൻ ശാസ്ത്രീയ അന്വേഷണത്തിനൊരുങ്ങി പൊലീസ്.അപകടത്തില്‍ മരിച്ച അദ്ധ്യാപിക അനുജ രവീന്ദ്രന്റെയും ബസ് ഡ്രൈവറായ ഹാഷിമിന്റെയും മൊബൈല്‍ ഫോണുകളിലെ വിവരങ്ങള്‍ ശേഖരിക്കും. ഹാഷിമിന്റെ മൃതദേഹം കഴിഞ്ഞ ദിവസം രാത്രി തന്നെ സംസ്കരിച്ചു. അനുജയുടെ സംസ്കാരം ഇന്ന് നടക്കും. വിനോദയാത്ര കഴിഞ്ഞുമടങ്ങിവന്ന അനുജയെ ഹാഷിം വഴിയില്‍ വച്ച് നിർബന്ധിച്ച് കൂട്ടിക്കൊണ്ട് പോയി എന്തിന് മരണത്തിലേക്ക് വാഹനം ഓടിച്ചുകയറ്റിയെന്നതാണ് പൊലീസിന് മുന്നിലെ ചോദ്യം. ഇരുവരും ഏറെ നാളുകളായി അടുപ്പത്തിലായിരുന്നുവെന്നാണ് വിവരം. ഇവരുടെ സൗഹൃദം ബന്ധുക്കള്‍ അറിയുകയും അത് പിന്നീട് കുടുംബ പ്രശ്നങ്ങള്‍ക്ക് കാരണമാകുകയും ചെയ്തെന്നും വിവരമുണ്ട്.
വിനോദയാത്രയ്ക്കിടെ വാഹനത്തില്‍ നിന്നും ഇറങ്ങുന്നതിന് മുമ്ബ് അനുജ സഹഅദ്ധ്യാപരോട് ഞങ്ങള്‍ അത്മഹത്യ ചെയ്യാൻ പോകുകയാണെന്ന് പറഞ്ഞിരുന്നതായി അദ്ധ്യാപകർ മൊഴി നല്‍കിയിട്ടുണ്ട്. തിരുവനന്തപുരത്തേക്കാണ് അനുജ സഹഅദ്ധ്യാപകരോടൊപ്പം വിനോദയാത്രയ്ക്ക് പോയത്. വിനോദയാത്ര പോയ വാഹനത്തിന്റെ വാതില്‍ വലിച്ച് തുറന്നാണ് ഹാഷിം യുവതിയെ കൂട്ടിക്കൊണ്ടുപോയതെന്നും അദ്ധ്യാപകർ പറഞ്ഞു. എന്നാല്‍ മറ്റ് അസ്വാഭാവികതകളൊന്നും തോന്നിയില്ലെന്നും അദ്ധ്യാപകർ വ്യക്തമാക്കി. അപകടത്തില്‍പ്പെട്ട കാറില്‍ മദ്യക്കുപ്പിയും പൊലീസ് കണ്ടെടുത്തിട്ടുണ്ട്. അമിതവേഗത്തിലെത്തിയ കാർ എതിർദിശയില്‍ നിന്ന് വന്ന കണ്ടെയിനർ ലോറിയിലേക്ക് ഇടിച്ചുകയറ്റുകയായിരുന്നു. കാർ അമിത വേഗത്തിലായിരുന്നു എന്നാണ് ദൃക്സാക്ഷികള്‍ പറയുന്നത്. വാഹനം ഓടിച്ചിരുന്നത് ഹാഷിമായിരുന്നു. ഇടിയുടെ ആഘാതത്തില്‍ മുൻസീറ്റിലിരുന്ന അനുജ പിൻസീറ്റിലേക്ക് തെറിച്ചുവീണു. പൂർണമായും തകർന്ന കാർ അഗ്നിശമന സേനയും നാട്ടുകാരും ചേർന്ന് വെട്ടിപ്പൊളിച്ചാണ് ഇരുവരെയും പുറത്തെടുത്തത്.