പത്തനംതിട്ട : ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ ഒളിവിൽ കഴിഞ്ഞുവന്ന പ്രതിയെ അടൂർ പോലീസ് അറസ്റ്റ് ചെയ്തു. അടൂർ പള്ളിക്കൽ പഴകുളം അജ്മൽ ഭവനിൽ ഷഫീഖാ(48 )ണ് പിടിയിലായത്. 2017ലാണ് ഷഫീഖ് ഭാര്യ റജീനയെ കുത്തികൊലപ്പെടുത്തിയത്. അന്ന് അറസ്റ്റിലായ ഇയാളെ റിമാൻഡ് ചെയ്തു ജയിലിൽ അടച്ചെങ്കിലും, പിന്നീട് ജാമ്യത്തിലിറങ്ങി ഒളിവിൽ പോകുകയായിരുന്നു. വർഷങ്ങളായി ബന്ധുക്കളെയോ, സുഹൃത്തുക്കളെയോ ബന്ധപ്പെടാതിരുന്നതിനാൽ പ്രതിയെ കണ്ടെത്താൻ കഴിയാതെ വരികയും, കോടതി വിചാരണ നടപടികൾ തടസ്സപ്പെടുകയുംചെയ്തിരുന്നു. തുടർന്ന്, ഇയാൾക്കെതിരെ പത്തനംതിട്ട ജില്ലാ സെഷൻസ് കോടതി വാറൻറ് പുറപ്പെടുവിക്കുകയും, പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിക്കുകയും ചെയ്തു.
ജില്ലാ പോലീസ് മേധാവി സ്വപ്നിൽ മധുകർ മഹാജൻ ഐ പി എസ്സിന്റെ നിർദ്ദേശ പ്രകാരം, അടൂർ ഡിവൈഎസ്പി ആർ ബിനു , പത്തനംതിട്ട ഡി സി ആർ ബി ഡി വൈ എസ് പി എസ് വിദ്യാധരൻ എന്നിവരുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് അന്വേഷണം ആരംഭിച്ചു. പ്രതി ഏർവാടി, ബീമാപ്പള്ളി തുടങ്ങിയ ഭാഗങ്ങളിലുണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ദിവസങ്ങളോളം ഈ സ്ഥലങ്ങളിൽ അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താൻ സാധിച്ചില്ല. അഞ്ചുതെങ്ങ്, പൂന്തുറ, വിഴിഞ്ഞം, അഴീക്കൽ കടപ്പുറങ്ങളിൽ അന്വേഷണം നടത്തിയതിൽ ഇയാളുടെ രൂപസാദൃശ്യമുള്ളയാളെ തിരുവനന്തപുരം കഠിനംകുളം പോലീസ് സ്റ്റേഷൻ പരിധിയിൽപെട്ട പെരുമാതുറയിൽ കണ്ടതായി വിവരം ലഭിച്ച അന്വേഷണ സംഘം, അവിടെ ദിവസങ്ങളോളം അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
തുടർന്ന് വല വാങ്ങാനെന്ന രീതിയിൽ വേഷം മാറി പെരുമാതുറയിലെ വിവിധ കോളനികളിൽ തിരഞ്ഞ അന്വേഷണ സംഘം, ഒറ്റപ്പന കോളനിയിലെ അന്യസംസ്ഥാന തൊഴിലാളികൾക്കൊപ്പം പ്രതിയുടെ സാന്നിദ്ധ്യം തിരിച്ചറിഞ്ഞെങ്കിലും . ഇയാൾ പുലർച്ചെ കടലിൽ പോകുകയും, രാത്രികാലങ്ങളിൽ മാത്രം കരയിലെത്തുകയും ചെയ്തിരുന്നതിനാൽ അറസ്റ്റ് ചെയ്യുക ബുദ്ധിമുട്ടായിരുന്നു. കോളനിവാസികളുമായി സൗഹൃദം സ്ഥാപിച്ച പോലീസ് സംഘം, പ്രതി ജോലികഴിഞ്ഞ് കരയിലെത്തിയപ്പോൾ കസ്റ്റഡിയിലെടുക്കുകയാണുണ്ടായത്.
ഇന്നലെ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. അടൂർ പോലീസ് ഇൻസ്‌പെക്ടർ പ്രജീഷ് റ്റി ഡി, എസ് ഐ മനീഷ് എം, സി പി ഓമാരായ സൂരജ്, സതീഷ്, രതീഷ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.