അഗ്നിപഥ് പദ്ധതിയുടെ പ്രതിഷേധം തെരുവിൽ; കരസേന അഗ്നിവീർ റിക്രൂട്ട്‌മെന്റ് തീയതി പ്രഖ്യാപിച്ചു

ന്യൂഡൽഹി: ചൊവ്വാഴ്ച കേന്ദ്രസർക്കാർ പ്രഖ്യാപിച്ച അഗ്‌നിപഥ് സ്‌കീമിൽ പ്രതിഷേധങ്ങൾ തുടരവെ റിക്രൂട്ട്‌മെന്റ് തീയതികളിൽ തീരുമാനമായി. കരസേന അഗ്‌നിവീർ വിജ്ഞാപനം നാളെ പ്രഖ്യാപിക്കും. ഓഗസ്റ്റ് പകുതിയോടെ റിക്രൂട്ട്‌മെന്റ് റാലി നടക്കും. പരിശീലനം ഡിസംബർ ആദ്യവാരവും ഫെബ്രുവരി 23നും രണ്ട് ബാച്ചായി നടത്തുമെന്ന് സൈനികകാര്യ വകുപ്പ് അഡി. സെക്രട്ടറി ലഫ്.ജനറൽ അനിൽ പുരി പറഞ്ഞു.
അതേസമയം വ്യോമസേനയിൽ ഈ മാസം 24നാണ് രജിസ്ട്രേഷൻ. ഓൺലൈൻ പരീക്ഷ ജൂലായ് 10ന് നടത്തും. ഡിസംബർ 30ന് ആദ്യ ബാച്ച് പരിശീലനം ആരംഭിക്കും. നാവികസേനയിൽ ജൂൺ 25നാണ് വിജ്ഞാപനം നൽകുക. ഒരുമാസത്തിനകം പരീക്ഷ നടത്തും. നവംബർ 21ന് പരിശീലനം ആരംഭിക്കും.
സിയാച്ചിനിലും മറ്റും ജോലിനോക്കുന്ന സൈനികർക്ക് ലഭിക്കുന്ന അതേ അലവൻസുകൾ അഗ്നിവീരർക്കും ലഭിക്കുമെന്നും അനിൽ പുരി വാർത്താ സമ്മേളനത്തിൽ അറിയിച്ചു.വനിതകൾക്കും അഗ്‌നിപഥിലൂടെ തൊഴിൽ ലഭിക്കും. നാവികസേനയിൽ സെയിലർ ആയാകും നിയമനം.
അടുത്ത നാലഞ്ച് വർഷത്തിനകം സൈനികരുടെ എണ്ണം 50000-60000 ആക്കും. തുടർന്ന് 90,000മുതൽ ഒരു ലക്ഷംവരെ ഇത് വർദ്ധിക്കും. ഇപ്പോൾ 46,000 പേരെയാണ് ജോലിയ്ക്ക് നിശ്ചയിച്ചിരിക്കുന്നതെങ്കിലും വരുംകാലത്ത് ഇത് 1.25 ലക്ഷമായി ഉയർത്തുമെന്ന് ലഫ്. ജനറൽ അനിൽ പുരി അറിയിച്ചു. അഗ്നിപഥിനെതിരെ പ്രക്ഷോഭത്തിന് പിന്നിലുളളവർക്ക് സേനയിൽ ഇടമുണ്ടാകില്ലെന്നും സൈനിക ഓഫീസർമാർ സംയുക്ത വാർത്താസമ്മേളനത്തിനിടെ അറിയിച്ചു.

Advertisements

Hot Topics

Related Articles