“ചതിയുടെ പത്മവ്യൂഹത്തില്‍പ്പെട്ട് പിടഞ്ഞുവീണ മുരളിയേട്ടാ മാപ്പ്”; തൃശൂരില്‍ വീണ്ടും കെ മുരളീധരനെ അനുകൂലിച്ച് ഫ്‌ളക്‌സുകള്‍

തൃശൂര്‍: തൃശൂരില്‍ വീണ്ടും കെ മുരളീധരനെ അനുകൂലിച്ച് ഫ്‌ളക്‌സുകള്‍. ഡിസിസി ഓഫീസിന്റെ ഭാഗത്തും നടുവിലാല്‍ ഭാഗത്തും ആണ് ഫ്‌ളക്‌സുകള്‍ പ്രത്യക്ഷപ്പെട്ടത്. വര്‍ഗീയതക്കെതിരായ പോരാട്ടത്തില്‍ ചതിയുടെ പത്മവ്യൂഹത്തില്‍പ്പെട്ട് പിടഞ്ഞുവീണ മുരളിയേട്ടാ മാപ്പ് എന്നാണ് ഫ്‌ളക്‌സിലുള്ളത്. നയിക്കാന്‍ നിങ്ങള്‍ ഇല്ലെങ്കില്‍ ഞങ്ങളുമില്ലെന്നും ഫ്‌ളക്‌സിലുണ്ട്. തൃശൂരിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പേരിലാണ് ഫ്‌ളക്‌സ്. ഡിസിസിയുടെ താല്‍ക്കാലിക ചുമതലയേല്‍ക്കാന്‍ പാലക്കാട് എംപി വി കെ ശ്രീകണ്ഠന്‍ ഇന്ന് എത്താന്‍ ഇരിക്കെയാണ് ഫ്‌ളക്‌സുകള്‍ പ്രത്യക്ഷപ്പെട്ടത്.

Advertisements

തൃശൂരിലെ തിരഞ്ഞെടുപ്പ് തോല്‍വിക്ക് പിന്നാലെ വിവിധയിടങ്ങളില്‍ കെ മുരളീധരന് അനുകൂലമായി ഫ്‌ളക്‌സുകള്‍ പ്രത്യക്ഷപ്പെട്ടിരുന്നു. തളിപ്പറമ്പിലെ കോണ്‍ഗ്രസ് ഓഫീസിന് സമീപത്താണ് ഇന്നലെ ബോര്‍ഡ് സ്ഥാപിച്ചത്. ‘കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കണ്ണൂര്‍’ എന്ന പേരിലായിരുന്നു ബോര്‍ഡ്. ‘നയിക്കാന്‍ നായകന്‍ വരട്ടെ, നയിക്കാന്‍ നിങ്ങളില്ലെങ്കില്‍ ഞങ്ങളുമില്ല’ എന്നാണ് ബോര്‍ഡില്‍ കുറിച്ചിരുന്നത്. മതേതരത്വത്തിനായി നിലകൊണ്ടതിന്റെ പേരിലാണ് നിങ്ങള്‍ പോരാട്ടത്തില്‍ വെട്ടേറ്റ് വീണതെന്നും ബോര്‍ഡില്‍ പറഞ്ഞിരുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കോഴിക്കോട്ടെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ എന്നപേരില്‍ കഴിഞ്ഞ ദിവസം സ്ഥാപിച്ച ഫ്‌ളക്‌സില്‍ ‘ഒരു കൊടുങ്കാറ്റായി തിരിച്ചുവരും, പുലി പതുങ്ങുന്നത് ഒളിക്കാനല്ല കുതിക്കാനാണ്’ എന്നാണ് എഴുതിയിരുന്നത്. പാലക്കാട്ടും തിരുവനന്തപുരത്തും കെ മുരളീധരനായി ഫ്‌ളക്‌സുകള്‍ ഉയര്‍ന്നിരുന്നു. ‘നയിക്കാന്‍ നായകന്‍ വരട്ടെ’, ‘പാര്‍ട്ടിയെ നയിക്കാന്‍ മുരളീധരന്‍ എത്തണം’, ‘നയിക്കാന്‍ നിങ്ങളില്ലെങ്കില്‍ ഞങ്ങളുമില്ല’ എന്നിങ്ങനെയായിരുന്നു ജില്ലകളിലെ ഫ്‌ളക്‌സുകളിലുണ്ടായിരുന്നത്.

തൃശൂരിലെ കടുത്ത പരാജയത്തിന് പിന്നാലെ ഇനി മത്സരിക്കാനില്ലെന്നും തദ്ദേശ തിരഞ്ഞെടുപ്പില്‍ സജീവമാകുമെന്നും മുരളീധരന്‍ പ്രഖ്യാപിച്ചിരുന്നു. ജയിക്കുമായിരുന്ന സിറ്റിംഗ് സീറ്റ് വിട്ട് മറ്റൊരു സീറ്റില്‍ മത്സരിക്കാന്‍ പോയത് തന്റെ തെറ്റാണെന്നും കെ മുരളീധരന്‍ പറഞ്ഞിരുന്നു. ക്രിസ്ത്യന്‍ വോട്ടില്‍ വിള്ളല്‍ വീണത് തൃശൂരില്‍ മാത്രമാണ്. കഴിഞ്ഞ അഞ്ച് വര്‍ഷം സുരേഷ് ഗോപി തൃശൂരില്‍ നടത്തിയ ഇടപെടല്‍ മനസ്സിലാക്കാന്‍ പറ്റിയില്ല. സംഘടനയ്ക്കും വ്യക്തികള്‍ക്കും അതിന് സാധിച്ചില്ല. അടുത്ത ഒരു വര്‍ഷത്തേക്ക് പ്രവര്‍ത്തനത്തില്‍ സജീവമായുണ്ടാകില്ല. പ്രവര്‍ത്തന കേന്ദ്രം ഇനി കേരളമാണ്. കേരളം കേന്ദ്രീകരിച്ച് തന്നെയാണ് പ്രവര്‍ത്തിക്കുന്നത്. എംപി അല്ലാത്തതിനാല്‍ ഇനി ഡല്‍ഹിക്ക് വരേണ്ടല്ലോ എന്നും ഡല്‍ഹിയിലെ മാധ്യമപ്രവര്‍ത്തകരോട് അദ്ദേഹം പറഞ്ഞു.

Hot Topics

Related Articles