അഹമ്മദാബാദ്: അഹമ്മദാബാദ് സ്ഫോടന പരമ്പരയില്‍ ശിക്ഷാവിധി പ്രസ്താവിച്ച് കോടതി. 38 പേര്‍ക്ക് വധശിക്ഷയും 11 പേര്‍ക്ക് ജീവപര്യന്തം ശിക്ഷയുമാണ് അഹമ്മദാബാദ് പ്രത്യേക കോടതി വിധിച്ചത്. വധശിക്ഷ ലഭിച്ചവരില്‍ മൂന്ന് പേര് മലയാളികളാണ്. ഷിബിലി, ഷാദുലി, ഷറഫുദ്ദീന് എന്നിവരാണ് വധശിക്ഷ ലഭിച്ച മലയാളികള്‍. കേസില്‍ 49 പേര് കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയിരുന്നു. 28 പേരെ വെറുതെ വിട്ടു. 14 വര്‍ഷത്തെ വിചാരണക്ക് ശേഷമാണ് കോടതി വിധി പ്രസ്താവിച്ചത്. കഴിഞ്ഞ വര്‍ഷം സെപ്തംബറില്‍ വിചാരണ പൂര്‍ത്തിയായിരുന്നു.
തെളിവില്ലെന്ന് കണ്ട് 12 പേരേയും സംശയത്തിന്റെ ആനുകൂല്യം നല്കി 16 പേരെയുമാണ് കേസില്‍ വെറുതെ വിട്ടത്. അടുത്ത കാലത്തായി ഏറ്റവും നീണ്ട വിചാരണ നടക്കുന്ന ക്രിമിനല്‍ കേസാണ് അഹമ്മദാബാദ് സ്ഫോടന പരമ്പര കേസ്. കേസില്‍ രണ്ട് പേര്‍ക്ക് കോടതി ജാമ്യം അനുവദിച്ചിരുന്നു. ഒരാള്‍ക്ക് അസുഖം കാരണവും മറ്റൊരാള്‍ മാപ്പ് സാക്ഷിയും ആയതിനാലാണ് ജാമ്യം നല്‍കിയത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഗുജറാത്തിലെ അഹമ്മദാബാദ് നഗരത്തില്‍ 70 മിനിറ്റ് വ്യത്യാസത്തില്‍ 21 ബോംബുകളാണ് 2008ല്‍ പൊട്ടിത്തെറിച്ചത്. 56 പേര് കൊല്ലപ്പെടുകയും 200 ഓളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഇന്ത്യന്‍ മുജാഹിദ്ദീനുമായി ബന്ധമുള്ളവരാണ് അറസ്റ്റിലായ എല്ലാവരും. 79 പ്രതികളാണ് അറസ്റ്റിലായത്. ഒരാള്‍ മാപ്പ് സാക്ഷിയായി, മറ്റൊരാള്‍ക്ക് മാറാരോഗം പിടിപെടുകയും ചെയ്തു. പിന്നീട് 77 പേരെയാണ് വിചാരണ ചെയ്തത്. 2009ലാണ് കേസിന്റെ വിചാരണ ആരംഭിച്ചത്.