ദില്ലി: സിപിഎം പാര്‍ട്ടി കോണ്‍ഗ്രസ് സെമിനാറില്‍ പങ്കെടുത്ത മുതിര്‍ന്ന നേതാവ് കെ.വി.തോമസിന് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി എഐസിസി. നേതൃത്വത്തെ വെല്ലുവിളിച്ച് കൊണ്ട് പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുക്കുകയും സെമിനാറിന് ശേഷവും വിമര്‍ശനം തുടരുകയും ചെയ്യുന്ന കെ.വി.തോമസിനെതിരെ അടിയന്തരമായി കടുത്ത നടപടി വേണം എന്നാണ് കെപിസിസി അധ്യക്ഷന്‍ കെ.സുധാകരന്‍ എഐസിസി നേതൃത്വത്തോട് ആവശ്യപ്പെട്ടത്. എഐസിസിയുടെ നേരിട്ടുള്ള വിലക്ക് മറികടന്നാണ് കെ.വി.തോമസ് പരിപാടിക്ക് പോയതെന്ന കാര്യവും സുധാകരന്‍ ചൂണ്ടിക്കാട്ടിയിരുന്നു.
അച്ചടക്കലംഘനം ചൂണ്ടിക്കാട്ടി നല്‍കിയിരിക്കുന്ന നോട്ടീസിന് ഒരാഴ്ചയ്ക്ക് അകം മറുപടി നല്‍കണം. എ.കെ.ആന്റണി അധ്യക്ഷനായ എഐസിസി അച്ചടക്കസമിതിയാണ് മൂന്ന് മണിക്കൂറോളം നീണ്ട യോഗത്തിന് ശേഷം കെ.വി.തോമസിന് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കാന്‍ തീരുമാനിച്ചത്.കെ.വി.തോമസിന്റെ മറുപടി ലഭിച്ച ശേഷം അച്ചടക്കസമിതി ഇക്കാര്യത്തില്‍ തുടര്‍നടപടിക്ക് സോണിയ ഗാന്ധിക്ക് ശുപാര്‍ശ നല്‍കും.