ഭോപ്പാല്‍: മധ്യപ്രദേശില്‍ വിമാനത്താവളത്തിന്റെ ചുറ്റുമതിലിന്റെ ഒരുഭാഗം കനത്തമഴയ്ക്കു പിന്നാലെ ഇടിഞ്ഞുവീണു. കഴിഞ്ഞകൊല്ലം ഒക്ടോബറില്‍ നിർമാണം പൂർത്തിയാക്കിയ രേവ വിമാനത്താവളത്തിന്റെ ചുറ്റുമതിലാണ് ശനിയാഴ്ച രാത്രി ഇടിഞ്ഞത്. അഞ്ഞൂറുകോടിയോളം മുടക്കി നിർമിച്ച വിമാനത്താവളമാണിത്.
അതിശക്തമായ മഴയെത്തുടർന്ന് ചുറ്റുമതിലിന്റെ താഴെയുള്ള മണ്ണ് ഒലിച്ചുപോയെന്നും ഇതാണ് ചുറ്റുമതില്‍ ഇടിഞ്ഞുവീഴാൻ കാരണമായതെന്നും പ്രദേശവാസികള്‍ പറഞ്ഞു. ഇതാദ്യമായല്ല വിമാനത്താവളത്തിന്റെ ചുറ്റുമതില്‍ തകർന്നുവീഴുന്നത്. വിമാനത്താവളം പ്രവർത്തനം ആരംഭിക്കുന്നതിനും മുൻപേ കഴിഞ്ഞവർഷത്തെ മഴക്കാലത്തും ചുറ്റുമതിലിന്റെ ഭാഗം ഇടിഞ്ഞുവീണിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
മധ്യപ്രദേശിലെ വിന്ധ്യ മേഖലയിലാണ് രേവ വിമാനത്താവളം. 323 ഏക്കറിലായി വ്യാപിച്ചുകിടക്കുന്ന വിമാനത്താവളം 18 മാസം കൊണ്ടാണ് നിർമാണം പൂർത്തിയാക്കിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് വാരാണസിയിലിരുന്ന് വിമാനത്താവളത്തിന്റെ ഉദ്ഘാടനം വെർച്വലായി നിർവഹിച്ചത്. നിലവില്‍ രേവ-ഭോപ്പാല്‍, ഖജുരാഹോ-ജബല്‍പുർ സർവീസുകളാണുള്ളത്. രേവയില്‍ കഴിഞ്ഞദിവസം കനത്തമഴയാണ് പെയ്തത്. ബിച്ഛിയ ഉള്‍പ്പെടെയുള്ള നദികള്‍ കരകവിഞ്ഞൊഴുകുകയാണ്. പലയിടവും വെള്ളത്തിനടിയിലാണ്.