കോട്ടയം : പഞ്ചായത്ത് പെർമിറ്റ് ഉള്ള ഓട്ടോറിക്ഷകൾ ഓട്ടം എടുക്കുന്നതിനെച്ചൊല്ലിയുണ്ടായ തർക്കത്തിന് ഒടുവിൽ റെയിൽവേ സ്റ്റേഷനിൽ സംഘർഷം. രണ്ട് ഓട്ടോ ഡ്രൈവർമാർക്ക് പരിക്കേറ്റു. റെയിൽവേ സ്റ്റേഷനിൽ സർവീസ് നടത്തുന്ന ഓട്ടേ ഡ്രൈവർ കുട്ടൻ , പഞ്ചായത്ത് പെർമിറ്റുമായി സർവീസ് നടക്കുന്ന അരുൺ എന്നിവർക്കാണ് പരിക്കേറ്റത്. ചൊവ്വാഴ്ച രാത്രി എട്ട് മണിയോടെ ആയിരുന്നു സംഭവങ്ങളുടെ തുടക്കം. റെയിൽവേ സ്റ്റേഷന് ഉള്ളിൽ കയറിയും പരിസരത്ത് നിന്നും ഓട്ടം എടുക്കുന്നതിനെച്ചൊല്ലി നേരത്തെ തന്നെ ഇരു വിഭാഗം ഓട്ടോ ഡ്രൈവർമാർ തമ്മിൽ തർക്കം നിലനിൽക്കുന്നുണ്ടായിരുന്നു. മുൻപും ഇരുവിഭാഗം ഓട്ടോഡ്രൈവർമാർ തമ്മിൽ ഇവിടെ ഏറ്റുമുട്ടുന്നത് അടക്കമുള്ള സാഹചര്യം ഉണ്ടായിരുന്നു. ഇന്ന് റെയിൽവേ സ്റ്റേഷൻ ഉള്ളിൽ നിന്നും ഓട്ടം എടുത്ത പഞ്ചായത്ത് ഓട്ടോയെ ചോദ്യം ചെയ്യുകയായിരുന്നു എന്ന് സ്റ്റാൻഡിനുള്ളിൽ സർവീസ് നടത്തുന്ന ഓട്ടോ ഡ്രൈവർമാർ പറയുന്നു. തുടർന്ന് വാക്ക് തർക്കവും ഇരുവിഭാഗങ്ങൾ തമ്മിൽ ഏറ്റുമുട്ടലും ഉണ്ടായി. പരിക്കേറ്റവർ ജില്ലാ ജനറൽ ആശുപത്രിയിൽ ചികിത്സ തേടിയിട്ടുണ്ട്. ഇതിനിടെ അക്രമത്തിൽ പ്രതിഷേധിച്ച് റെയിൽവേ സ്റ്റേഷനിലെ ഓട്ടോഡ്രൈവർമാർ പണിമുടക്കുകയും ചെയ്തു.