കോട്ടയം: ലോക സമ്പദ്ഘടനയുടെ വളര്‍ച്ചയില്‍ നിര്‍ണ്ണായകമായ കുടിയേറ്റ തൊഴിലാളികളുടെ പങ്കാളിത്തം തമസ്കരിച്ച് അവരെ ആട്ടിപ്പായിക്കാനാണ് വലതുപക്ഷ രാഷ്ട്രീയം ലോകമെങ്ങും ഇപ്പോള്‍ പരിശ്രമിക്കുന്നതെന്ന് എഐടിയുസി ദേശീയ ജനറല്‍ സെക്രട്ടറി അമര്‍ജിത് കൗര്‍. തൊഴില്‍ സുരക്ഷയും വേതനവും സാമൂഹ്യമായ നിലനില്‍പ്പും ഇല്ലാതാക്കാനാണ് നീക്കങ്ങള്‍. സിഎസ്ഐ റിട്രീറ്റ് സെന്ററില്‍ എഐടിയുസി നേതൃത്വത്തില്‍ കുടിയേറ്റ തൊഴിലാളികള്‍ നേരിടുന്ന പ്രശ്നങ്ങള്‍ എന്ന വിഷയത്തില്‍ സംഘടിപ്പിച്ച ദേശീയ ശില‍്പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അമര്‍ജിത് കൗര്‍.വോട്ടുകള്‍ക്കായി കുടിയേറ്റ തൊഴിലാളികളെ താറടിക്കുന്നതും പുറത്താക്കാന്‍ പദ്ധതിമെനയുന്നതും അമേരിക്കന്‍ പ്രസിഡന്‍ഷ്യല്‍ തെരഞ്ഞടുപ്പില്‍ കണ്ടു. മോഡിയും കൂട്ടരും വെറുപ്പിന്റെ ഭാഷണം തൊഴിലാളികളുടെ മേല്‍ നടത്തുന്നതും ജാതിയുടെയും മതത്തിന്റെയും പേരില്‍ അവരെ മാറ്റിനിര്‍ത്തുന്നതും നിത്യകാഴ്ചയാണ്.
തൊഴിലാളികളെ വെറുക്കുക, അവരുടെ അധ്വാനത്തിലൂടെ മൂലധനത്തിന് പറന്നുയരാനും ചൂഷണത്തിനും അവസരമൊരുക്കുക, ഇതായിരിക്കുന്നു വലതുപക്ഷ രാഷ്ട്രീയ ക്രമം, അമര്‍ജിത് കൗര്‍ ചൂണ്ടിക്കാട്ടി. നിയമപരമോ അല്ലാതെയോ കുടിയേറ്റ തൊഴിലാളികള്‍ക്കിടയിലും പ്രവര്‍ത്തിയിലും അന്തരമില്ല. അഫ്രിക്കയില്‍ നിന്നും ഏഷ്യയില്‍ നിന്നും കുടിയേറിയ തൊഴിലാളികളുടെ അധ്വനമാണ് ഇന്നത്തെ അമേരിക്കയിലെയും യൂറോപ്പിലെയും വളര്‍ച്ചക്കു പിന്നില്‍. തൊഴിലാളികളെ വലിച്ചെറിയാനുള്ള പരിശ്രമങ്ങള്‍ പിന്തിരിപ്പനും മുരടിപ്പിന്റെ വഴിയുമാകും. രാജ്യത്തെ കുടിയേറ്റ തൊഴിലാളികള്‍ക്ക് കേരളം വാഗ്ദത്ത ദേശമാകുന്നതിനു പിന്നില്‍ ഇടതുപക്ഷവും മൈഗ്രന്റ് വര്‍ക്കേഴ്സ് ഫെഡറേഷന്റെ ഇടപെടലുമാണ്, അവര്‍ കൂട്ടിച്ചേര്‍ത്തു. എഐടിയുസി സംസ്ഥാന ജനറല്‍ സെക്രട്ടറി കെപി രാജേന്ദ്രന്‍ അധ്യക്ഷത വഹിച്ചു.കുടിയേറ്റ തൊഴിലാളികളുടെ ക്ഷേമത്തിനും, തൊഴില്‍ നിയമങ്ങളുടെ സംരക്ഷണം ഉറപ്പാക്കുന്നതിനും പ്രത്യേക ഭരണസംവിധാനം ഉറപ്പാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
അസംഘടിത വിഭാഗം തൊഴിലാളികളെ സംഘടിപ്പിക്കുക എന്ന ആഹ്വാനം നല്‍കിയത് 1983ല്‍ ബാംഗ്ലൂരില്‍ ചേര്‍ന്ന എഐടിയുസിയുടെ 32-ാമത് ദേശീയ സമ്മേളനത്തില്‍ ജനറല്‍ സെക്രട്ടറി ഇന്ദ്രജിത് ഗുപ്തയായിരുന്നു. തുടര്‍ന്ന് വന്ന നേതൃത്വം അത് ഫലപ്രദമായി നടപ്പിലാക്കി. അത്തരം പ്രവര്‍ത്തനങ്ങളുടെ തുടര്‍ച്ചയാണ് ഇത്തരം ശില്‍പ്പശാല. അസംഘടിതരായ ഇതര സംസ്ഥാന തൊഴിലാലികള്‍ നേരിടുന്ന പ്രശ്നങ്ങള്‍ക്കും വെല്ലുവിളികള്‍ക്കും പരിഹാരം കാണുകയാണ് ശില്‍പ്പശാലയുടെ ലക്ഷ്യം. അതിഥി തൊഴിലാളികളുടെ ക്ഷേമത്തിനായി നിരവധി പദ്ധതികള്‍ ആവിഷ്ക്കരിച്ച് നടപ്പിലാക്കിയ സംസ്ഥാനമാണ് കേരളം. സംഘടനാപരമായി അതിഥി തൊഴിലാളികളുടെ ക്ഷേമത്തിനായി നീക്കങ്ങള്‍ നടത്താന്‍ എഐടിയുസിക്കും കഴിഞ്ഞിട്ടുണ്ട്.
ഇനിയും ഒട്ടേറെ കാര്യങ്ങള്‍ ചെയ്യാനുണ്ട്. അതിനാവശ്യമായ കര്‍മ്മപദ്ധതികള്‍ക്ക് ശില്പശാല വേദിയാകും.സ്വാഗതസംഘം ചെയര്‍മാന്‍ അഡ്വ. വിബി ബിനു സ്വാഗതം പറഞ്ഞു. സംവാദത്തില്‍ സുകുമാര്‍ ദാംലെ, വഹീദാ നിസാം, ആര്‍ പ്രസാദ് എന്നിവരടങ്ങുന്ന സമ്മേളനം നടപടികള്‍ നിയന്ത്രിച്ചു. ദേശീയ സെക്രട്ടറി ലീന ചാറ്റര്‍ജി, എന്നിവര്‍ വിവിധ വിഷയങ്ങളില്‍ പ്രബന്ധം അവതരിപ്പിച്ചു. അഡ്വ ബിനു ബോസ് നന്ദി രേഖപ്പെടുത്തി. ശില്‍പശാലയ്ക്ക് മുന്നോടിയായി എഐടിയുസി സംസ്ഥാന പ്രസിഡന്റ് ടി ജെ ആഞ്ചലോസ് പതാക ഉയര്‍ത്തി.