തിരുവനന്തപുരം: ആരോഗ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ട നിയമന കോഴക്കേസിൽ അഖിൽ സജീവിനെയും ലെനിനെയും പ്രതി ചേർത്തു. വഞ്ചന, ആൾമാറാട്ടം എന്നീ വകുപ്പുകൾ ചുമത്തിയാണ് പ്രതി ചേർത്തിരിക്കുന്നത്. ഇരുവരും പണം വാങ്ങിയതിന് തെളിവുണ്ടെന്ന് പൊലീസ് വ്യക്തമാക്കി. നാളെ കോടതിയിൽ റിപ്പോർട്ട് നൽകുമെന്നും പൊലീസ് അറിയിച്ചു.
ആരോഗ്യമന്ത്രിയുടെ പേഴ്സണൽ സ്റ്റാഫ് അഖിൽ മാത്യുവിന്റെ പരാതിയിലാണ് നടപടി. ഹരിദാസനിൽ നിന്ന് ലെനിൻ 50000 വും അഖിൽ സജീവ് 25000 രൂപയും തട്ടിയെടുത്തതായി പൊലീസ് വെളിപ്പെടുത്തി. ബാസിതിനെ പ്രതി ചേർക്കുന്നതിൽ തീരുമാനം പിന്നീട് എടുക്കുമെന്നും പൊലീസ് അറിയിച്ചു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
അതേ സമയം, നിയമന കോഴ കേസിൽ മൊഴിയിൽ ഉറച്ച് നില്‍ക്കുകയാണ് പരാതിക്കാരൻ ഹരിദാസൻ. അഖിൽ മാത്യുവിനാണ് താൻ പണം കൈമാറിയതെന്ന് കണ്ടോൺമെൻറ് പൊലീസിനോട് ഹരിദാസൻ ആവർത്തിച്ചു. സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ പ്രതികൂലമായിട്ടും മൊഴിയിൽ ഉറച്ച് നിൽക്കുകയാണ് ഹരിദാസൻ. ഹരിദാസനും ബാസിതും ചേർന്ന് ബോധപൂർവ്വം തെറ്റിദ്ധരിപ്പിക്കുന്നതെന്നാണ് അന്വേഷണസംഘത്തിന്റെ നിഗമനം.
ഒളിവിലുള്ള അഖിൽ സജീവനും ലെനിനും വേണ്ടി പൊലീസ് തിരച്ചിൽ ഊർജ്ജിതമാക്കിയിട്ടുണ്ട്. അഖിൽ സജീവൻ തമിഴ്നാട്ടിലേക്ക് കടന്നെന്നാണ് പൊലീസിന് കിട്ടുന്ന വിവരം. അഖിൽ മാത്യുവിനെതിരായ ആരോപണത്തിൽ ഇതുവരെ പൊലീസിന് തെളിവ് ലഭിച്ചിട്ടില്ല. ഈ സാഹചര്യത്തിൽ സംഭവത്തിൽ ആൾമാറാട്ടം നടന്നോയെന്നും പൊലീസ് അന്വേഷിക്കുകയാണ്.