എരുമേലി : ആക്രി കച്ചവടക്കാരൻ എന്ന വ്യാജേനെ വീട്ടിൽ കയറി വീട്ടുപകരണങ്ങൾ മോഷ്ടിച്ച കേസിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. എരുമേലി കരിനിലം കപ്പിലാമൂട് അങ്കൻവാടി ഭാഗത്ത് കാവുങ്കൽ വീട്ടിൽ ചിന്നസ്വാമി മകൻ മൂർത്തി ചിന്നസ്വാമി (38) എന്നയാളെയാണ് മുണ്ടക്കയം പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ കഴിഞ്ഞ വെള്ളിയാഴ്ച്ച മുണ്ടക്കയം വൈ എം സി എ ഭാഗത്ത് പൂട്ടിയിട്ടിരുന്ന വീട്ടിൽ കയറി അടുക്കളയിൽ സൂക്ഷിച്ചിരുന്ന അലുമിനിയം പാത്രങ്ങൾ, ഓട്ടുരുളി, ഇന്ററാലിയം ഉരുളി, ഓട്ടുവിളക്ക്, ജീപ്പിന്റെ ക്യാരിയർ,ഇരുമ്പ് സ്റ്റാൻഡ് എന്നീ സാധനങ്ങൾ മോഷ്ടിച്ചു കൊണ്ടുപോവുകയായിരുന്നു.
വീട്ടുകാർ ബന്ധുവീട്ടിൽ നിന്ന് കഴിഞ്ഞദിവസം തിരിച്ചെത്തിയപ്പോഴാണ് മോഷണ വിവരം അറിയുന്നത്. തുടർന്ന് മുണ്ടക്കയം സ്റ്റേഷനിൽ പരാതി നൽകുകയും തുടര്‍ന്ന് ജില്ലാ പോലീസ് മേധാവി കെ കാർത്തിക്കിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം ശാസ്ത്രീയമായ പരിശോധനയിലൂടെ മോഷ്ടാവ് മൂർത്തി ചിന്നസ്വാമിയാണ് എന്ന് തിരിച്ചറിയുകയും, ഇയാളെ എരുമേലിയിൽ നിന്ന് പിടികൂടുകയുമായിരുന്നു.
ഇയാൾ മോഷ്ട്ടിച്ചു വില്‍പ്പന നടത്തിയ സാധനങ്ങള്‍ പോലീസ് ആക്രി കടയിൽ നിന്നും കണ്ടെടുത്തു. പ്രതിക്ക് പത്തനംതിട്ട ജില്ലയിലെ വെച്ചൂച്ചിറ പോലീസ് സ്റ്റേഷനിൽ മോഷണ കേസ് നിലവിലുണ്ട്. മുണ്ടക്കയം സ്റ്റേഷൻ എസ്.എച്ച്.ഓ ഷൈൻ കുമാര്‍.എ , എസ്.ഐ അനീഷ് പി.എസ്, സി.പി.ഓ മാരായ ശരത് ചന്ദ്രൻ, റോബിൻ തോമസ് എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.