കോട്ടയം: അക്ഷരനഗരിക്ക് അഭിമാനമേകി ഇന്ത്യയിലെ ആദ്യ അക്ഷരം മ്യൂസിയം നാട്ടകം മറിയപ്പള്ളിയിൽ ഈ മാസം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യുമെന്ന് സഹകരണ-തുറമുഖം വകുപ്പുമന്ത്രി വി.എൻ. വാസവൻ പറഞ്ഞു. ജില്ലാതല സ്കൂൾ പ്രവേശനോത്സവത്തിന്റെ ഉദ്ഘാടനം കുമരകം വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു മന്ത്രി. സാഹിത്യ പ്രവർത്തക സഹകരണസംഘത്തിന്റെ നേതൃത്വത്തിലാണ് മ്യൂസിയം നിർമിക്കുന്നത്. ഭാഷയുടെയും ലിപികളുടെയും ചരിത്രം വിളിച്ചോതുന്ന വിപുലമായ വിജ്ഞാനശേഖരമാണ് മ്യൂസിയം സമ്മാനിക്കുക. പൂർണമായി പരിസ്ഥിതി-ഭിന്നശേഷി സൗഹാർദ്ദമായാണ് നിർമാണം.
പുരാവസ്തു, പുരാരേഖകളുടെ വിപുലമായ ശേഖരണവും സംരക്ഷണവും മുൻനിർത്തി ഗവേഷണ കേന്ദ്രം, ഡിജിറ്റൽ ഓഡിയോ ലൈബ്രറി, ഡിജിറ്റലൈസ്ഡ് രേഖകൾ സൂക്ഷിക്കാൻ യൂണിറ്റുകൾ, ഓഡിയോ -വീഡിയോ സ്റ്റുഡിയോ, മൾട്ടിപ്ലക്സ് തീയേറ്റർ, തുറന്ന വേദിയിൽ കലാ, സാംസ്കാരിക പരിപാടികൾ നടത്താനാകുവിധം ആംഫി തീയറ്റർ, ചിൽഡ്രൺസ് പാർക്ക്, കഫറ്റീരിയ, ബുക്ക് സ്റ്റാൾ, സുവനീർ ഷോപ്പ്, പുസ്തകങ്ങളുടെ പ്രഥമപതിപ്പുകളുടെ ശേഖരം, കോൺഫറൻസ് ഹാളുകൾ, വിദ്യാർഥികൾക്ക് ആർക്കൈവിംഗ്, എപ്പിഗ്രാഫി, പ്രിന്റിംഗ്, മ്യൂസിയോളജി, കൺസർവേഷൻ എന്നീ വിഷയത്തിൽ പഠന, ഗവേഷണ സൗകര്യങ്ങൾ മ്യൂസിയത്തിൽ ഒരുക്കും. നിർമ്മിത ബുദ്ധിയും റോബോട്ടിക്സുമൊക്കെ സ്കൂൾ പാഠ്യപദ്ധതിയിൽ ഇടം നേടുകയാണെന്നും പൊതുവിദ്യാഭ്യാസരംഗത്തും ഉന്നതവിദ്യാഭ്യാസ രംഗത്തും കേരളം മാതൃകാപരമായി മുന്നേറുകയാണെന്നും മന്ത്രി പറഞ്ഞു. ഡിജിറ്റൽ സർവകലാശാല, സയൻസ് പാർക്ക് തുടങ്ങിയവ കേരളത്തിൽ സാധ്യമായെന്നും സ്കൂളുകളെ രാജ്യാന്തരനിലവാരത്തിലേക്ക് ഉയർത്താനായതായും മന്ത്രി പറഞ്ഞു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദു അധ്യക്ഷയായി.