ആലപ്പുഴ:ദേശീയപാത കലവൂരിൽ കാറും സ്കൂട്ടറും കൂട്ടിയിടിച്ച് പരിക്കേറ്റ യുവതി മരിച്ചു. റോഡരികിൽ നിന്ന കാൽനടയാത്രക്കാരനായ യുവാവിനെ പരിക്കുകളോടെ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പാതിരപ്പള്ളി പാട്ടുകുളം ക്ഷേത്രത്തിനു സമീപം പുത്തൻപുരയ്ക്കൽ അശ്വിന്റെ ഭാര്യ അനുജ(33) ആണ് മരിച്ചത്. ആലപ്പുഴ അവലക്കുന്ന കൈക്കുളം പറമ്പിൽ രമേശന്റെ മകൻ അനന്തുവിനെ(24) പരിക്കുകളോടെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കലവൂരിൽ ആകാശവാണി നിലയത്തിനു സമീപം തിങ്കളാഴ്ച വൈകിട്ട് അഞ്ചരയോടെയാണ് അപകടം ഉണ്ടായത്. അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന അനുജ ചൊവ്വാഴ്ച പുലർച്ചെ രണ്ടു മണിയോടെയാണ് മരിച്ചത്. ചേർത്തല ഭാഗത്തേയ്ക്കു പോകുകയായിരുന്ന കാർ നിയന്ത്രണം നഷ്ടമായി എതിർ ദിശയിലൂടെ വരികയായിരുന്ന അനുജയുടെ സ്കൂട്ടറിൽ ഇടിക്കുകയായിരുന്നു. ഇതിന് ശേഷം കാർ റോഡരികിൽ നിന്ന അനന്തുവിനെയും ഇടിച്ചു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
അനുജയുടെ സ്കൂട്ടർ വലിച്ചുകൊണ്ട് 30 മീറ്ററോളം മുന്നോട്ടു പോയ ശേഷമാണ് കാർ നിന്നത്. ചേർത്തല ഓട്ടോകാസ്റ്റിലെ ജോലിയ്ക്കു ശേഷം വീട്ടിലേയ്ക്കു മടങ്ങുകയായിരുന്നു അനുജ. ഈ സമയമാണ് അപകടം ഉണ്ടായത്. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകട കാരണമെന്നു സംശയിക്കുന്നു. സംഭവത്തിൽ പൊലീസ് കേസെടുത്തു.