ഇടുക്കി: ആലപ്പുഴയിൽ ബീഫ് ഫ്രൈയ്ക്കു വേണ്ടി യുവാവിനെ ആക്രമിച്ച ക്രിമിനൽ സംഘം പിടിയിലായെങ്കിൽ , ഇടുക്കിയിൽ കൂട്ടയടിയുണ്ടായത് ഫ്രൈഡ് റൈസിൽ ചിക്കന്റെ അളവ് കുറഞ്ഞു പോയതിനെച്ചൊല്ലിയാണ്. ഫ്രൈഡ് റൈസിൽ ചിക്കൻ കുറഞ്ഞു പോയെന്നാരോപിച്ച് ഇടുക്കി രാമക്കൽമേട്ടിലെ റിസോർട്ടിലായിരുന്നു സംഘർഷം ഉണ്ടായത്. അഞ്ചംഗ മദ്യപസംഘം മേശയും പ്ലേറ്റുകളും ഉൾപ്പെടെ അടിച്ചു പൊട്ടിച്ച് ഭീകരാന്തരീക്ഷം സൃഷ്ടിച്ചുവെന്നാണ് പരാതി. ഇന്നലെ രാത്രി ഒന്നരയോടെയായിരുന്നു സംഭവം.
റിസോർട്ട് ജീവനക്കാരനെ കയ്യേറ്റം ചെയ്തതായും ആരോപണമുണ്ട്. രാമക്കൽമേട് സിയോൺ ഹിൽസ് റിസോർട്ടിൽ ഭക്ഷണം കഴിക്കുന്നതിനിടെ ഫ്രൈഡ് റൈസിൽ ചിക്കൻ കുറഞ്ഞുപോയെന്നും കൂടുതൽ ചിക്കൻ വേണമെന്നും ആവശ്യപ്പെട്ട് സംഘത്തിൽ ഒരാൾ കഴിച്ചു കൊണ്ടിരുന്ന പ്ലേറ്റ് അടിച്ചു പൊട്ടിക്കുകയായിരുന്നു. തുടർന്ന് ടേബിളുകൾക്കും കേടുപാടുകൾ വരുത്തി. ഇതിനിടയിൽ ജീവനക്കാരന്റെ കൈപിടിച്ച് തിരിക്കുവാനും മർദ്ദിക്കുവാനും ശ്രമം ഉണ്ടായെന്നും ജീവനക്കാരനെ ആസഭ്യം പറഞ്ഞതായും പരാതിയുണ്ട്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ആക്രമണത്തിനിടയിൽ സംഘത്തിലെ ഒരാളുടെ കൈ മുറിഞ്ഞ് പരുക്കേറ്റതായും ജീവനക്കാർ പറഞ്ഞു. സംഭവത്തിൽ നെടുങ്കണ്ടം പൊലീസിൽ റിസോർട്ട് ഉടമകളും വ്യാപാരി വ്യവസായി ഏകോപന സമിതി ഭാരവാഹികളും പരാതി നൽകി. സംഭവത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിക്കുമെന്ന് നെടുങ്കണ്ടം പൊലീസ് അറിയിച്ചു.