കോട്ടയം: ആലപ്പുഴയില്‍ കുറുവ സംഘമെത്തി നിരവധി മോഷണങ്ങള്‍ നടത്തിയതോടെ ജില്ല അതീവ ജാഗ്രതയില്‍. ആലപ്പുഴയുമായി അതിര്‍ത്തി പങ്കിടുന്ന സ്ഥലത്തെ പോലീസ് സ്റ്റേഷനുകള്‍ക്കു ജില്ലാ പോലീസ് ചീഫ് എ.ഷാഹുല്‍ ഹമീദ് ജാഗ്രത നിര്‍ദേശം നല്കി. ഇതിനു പുറമെ ജില്ലയിലെ രാത്രികാല പ ട്രോളിംഗ്, വാഹന പരിശോധന എന്നിവയും ശക്തിപ്പെടുത്താന്‍ എല്ലാ എസ്എച്ച്ഒമാര്‍ക്കും ജില്ലാ പോലീസ് നല്കിയ ഉത്തരവില്‍ പറയുന്നു. ചങ്ങനാശേരി, തൃക്കൊടിത്താനം, ചിങ്ങവനം, കുമരകം, വൈക്കം, എന്നീ സ്റ്റേഷന് പരിധികളിലാണ് പ്രത്യേക പരിശോധന ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ നടത്താന്‍ ജില്ലാ പോലീസ് ചീഫ് നിര്‍ദേശിച്ചിരിക്കുന്നത്. ആലപ്പുഴയില്‍ വിഹരിക്കുന്ന മോഷ്ടാക്കള്‍ക്കു കോട്ടയം ജില്ലയിലേക്കു കടക്കാനുള്ള സാധ്യത കൂടുതലാണ്. ഇതു മുന്നില്‍ കണ്ടാണ് പോലീസ് മുന്‍കരുതല്‍ സ്വീകരിച്ചിരിക്കുന്നത്. കുറുവാ സംഘത്തില്‍പ്പെട്ടവര്‍ക്ക് ആലപ്പുഴ ജില്ലയിലെ ഒളിത്താവളത്തില്‍നിന്നു പോലും അതിര്‍ത്തി പങ്കിടുന്ന സ്ഥലങ്ങളിലെത്തി മോഷണം നടത്തി തിരികെ മടങ്ങാന്‍ സാധിക്കുമെന്നാണ് പോലീസിന്റെ കണക്കുകൂട്ടല്‍. ഏത് ഇരുട്ടിലും ഒളിച്ചിരിക്കും, വീടുകളില്‍ കയറി സ്വര്‍ണവും പണവും മോഷ്ടിക്കും. എതിര്‍ക്കാന്‍ ശ്രമിക്കുന്നവരെ ആക്രമിക്കും. ചിലപ്പോള്‍ ജീവനെടുക്കും. അക്രമകാരികളായ മോഷ്ടാക്കളാണ് കുറുവാ സംഘം. അര്‍ധനഗ്നരായി, മുഖം മറച്ച്, ശരീരമാസകലം എണ്ണ തേച്ചെത്തുന്ന സംഘം മലയാളിക്ക് എന്നും പേടിസ്വപ്നമാണ്.ആദ്യമായിട്ടല്ല ജില്ലയില്‍ കുറുവാ സംഘം ഭീതിവിതയ്ക്കുന്നത്. മാസങ്ങള്‍ക്കു കോട്ടയം അതിരമ്ബുഴയില്‍ സംഘം എത്തിയതായി വാര്‍ത്തപരന്നിരുന്നു. അന്ന് ആയുധനങ്ങളുമായി അര്‍ധ നഗ്നരായി ആരോഗ്യവാന്മാരായ ചെറുക്കാര്‍ റോഡിലൂടെ പോകുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. തുടര്‍ന്ന് ഉണര്‍ന്നു പ്രവര്‍ത്തിച്ച പോലീസ് പ്രദേശത്ത് രാത്രികാല പരിശോധന ഉള്‍പ്പെടെയുള്ളവ കാര്യക്ഷമമായി നടപ്പാക്കിയതോടെ പിന്നീട് മോഷണങ്ങള്‍ ഉണ്ടായില്ല. നിരവധി മോഷണങ്ങള്‍ നടത്തിയശേഷം കുറുവ സംഘം തിരുട്ടു ഗ്രാമത്തിലേക്കു മടങ്ങുകയാണ് ചെയ്യുന്നത്. കഴിഞ്ഞ ദിവസങ്ങളില്‍ കടുത്തുരുത്തി, കല്ലറ പ്രദേശങ്ങളിലുണ്ടായ മോഷണത്തില്‍ സംഘത്തിനു പങ്കുള്ളതായി വിവരം ലഭിച്ചിട്ടില്ലെന്നു പോലീസ് പറഞ്ഞു. കുറുവാ സംഘം അഥവാ നരിക്കുറുവ എന്ന അറിയപ്പെടുന്നതു തമിഴ്നാട് തിരുച്ചിറപ്പള്ളിക്കടുത്ത റാംജിനഗര്‍- തിരുട്ടുഗ്രാമത്തില്‍ നിന്നുള്ളവരാണ്. ഇവര്‍ മോഷണം കുലത്തൊഴിലാക്കിയവരാണ്. ഇപ്പോഴത്തെ കുറുവ സംഘത്തില്‍ ഉള്ളവരെല്ലാം ഈ ഗ്രാമത്തില്‍ നിന്നുള്ളവരല്ലെന്നാണ് പോലീസ് പറയുന്നത്. ആയുധധാരികളായ സംഘം കവര്‍ച്ചക്കാരുടെ വലിയ കൂട്ടമാണിത്. ഒരു സ്ഥലത്ത് മോഷ്ടിക്കാന്‍ പോകുന്നത് മൂന്ന് പേര് ഒരുമിച്ചായിരിക്കും. 18 മുതല്‍ 60 വയസ് വരെയുള്ളവര്‍ സംഘത്തിലുണ്ട്. ഒരു സ്ഥലത്ത് തമ്ബടിക്കുന്ന ഇവര്‍ പകല്‍ സമയങ്ങളില്‍ ആക്രിപെറുക്കല്‍, തുണി വില്ക്കല് പോലെയുള്ള ജോലി ചെയ്യും. ഈ സമയങ്ങളില്‍ മോഷ്ടിക്കേണ്ട വീടുകള്‍ കണ്ടുവയ്ക്കും. സ്ത്രീകള്‍ മാത്രമുള്ള വീടുകള്‍, ആള്‍ത്താമസമില്ലാത്ത വീടുകള്‍ തുടങ്ങിയവയാണ് നോട്ടമിടുന്നത്. സിസിടിവി കാമറകള്‍ ഉള്‍പ്പെടെയുള്ളവര്‍ വിദഗ്ധമായി കേടാക്കാനും സംഘത്തില്‍പ്പെട്ടവര്‍ക്ക് അറിയാം. സംഘത്തില്‍പ്പെട്ട സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവര്‍ ആയുധ പരിശീലനം നേടിയവരാണ്. അര്‍ധരാത്രിക്കുശേഷമാണ് മോഷണം നടത്തുന്നത്. കണ്ണുകള്‍ മാത്രം പുറത്ത് കാണുന്ന രീതിയില്‍ തോര്‍ത്തുകൊണ്ട് മുഖം മറയ്ക്കും. ഷര്‍ട്ടും ലുങ്കിയും അരയില്‍ ചുരുട്ടിവച്ച് ഒരു നിക്കറിടും. പിടികൂടിയാല്‍ വഴുതി രക്ഷപ്പെടാനായി ശരീരം മുഴുവന്‍ എണ്ണയും പിന്നെ കരിയും തേയ്ക്കും. ഇതിനെല്ലാം പുറമെ ആയുധങ്ങളും കരുതും. മോഷണശ്രമത്തിനിടെ പിടിക്കപ്പെടുമെന്നുറപ്പായാല്‍ ആക്രമിക്കും. വീടിന്റെ അടുക്കള വാതില്‍ തകര്‍ത്താണ് പൊതുവേ മോഷണം നടത്തുന്നത്. അല്ലെങ്കില്‍ കുട്ടികളുടെ കരച്ചില് പോലുള്ള ശബ്ദം ഉണ്ടാക്കിയോ, പുറത്തെ ടാപ്പ് തുറന്നുവിടുകയോ ചെയ്യും. വീട്ടുകാരെ പുറത്തിറക്കാണ് ഇങ്ങനെ ചെയ്യുന്നത്. ഈ സമയം പുറത്തിറങ്ങുന്നവരെ ആക്രമിച്ച് വീടിനകത്തേക്ക് കയറി മോഷണം നടത്തും. ചിലപ്പോള്‍ ആയുധം കാട്ടി ഭീഷണിപ്പെടുത്തിയും സ്വര്‍ണവും പണവും കൈക്കലാക്കാറുണ്ട്. സ്ത്രീകളുടെ ശരീരത്തില്‍ കിടക്കുന്ന ആഭരണങ്ങള്‍ മുറിച്ചെടുക്കാന്‍ പ്രത്യേക കത്രികയും ഇവരുടെ പക്കലുണ്ട്.