കൊച്ചി : എം ഡി എം എ കേസിൽ ഹോട്ടൽ മുറിയിൽ നിന്നും ഇറങ്ങിയോടിയ ഷൈനിന് കൂടുതൽ കുരുക്കായി ആലപ്പുഴ ഹൈബ്രിഡ് കഞ്ചാവ് കേസ്. കേസിലെ പ്രതിയായ തസ്ലിമ സുല്‍ത്താന ഷൈനിന് അയച്ച് നൽകിയ യുവതികളുടെ ചിത്രങ്ങൾ അടക്കം അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. ഈ കേസിൽ പ്രതികള്‍ അറസ്റ്റിലായി 19 ദിവസമായിട്ടും നടന്മാരെ ചോദ്യം ചെയ്യുകയോ ഇവർക്ക് നോട്ടീസ് നല്‍കുകയോ ചെയ്തിട്ടില്ല. റിമാന്‍റിലുള്ള പ്രതികളെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്ത ശേഷം മാത്രം നടന്മാർക്ക് നോട്ടീസ് നല്‍കിയാല്‍ മതിയെന്ന നിലപാടിലാണ് എക്സൈസ്. ആലപ്പുഴയിലേക്ക് കൊണ്ടുവന്ന രണ്ടുകോടി രൂപയുടെ ഹൈബ്രിഡ് കഞ്ചാവ് ഈ മാസം ഒന്നാം തീയതിയാണ് എക്സൈസ് പിടികൂടിയത്. കേസില്‍ കണ്ണൂർ സ്വദേശി ക്രിസ്റ്റീന എന്ന് വിളിപ്പേരുള്ള തസ്ലിമ സുല്‍ത്താന ഇവരുടെ ഭർത്താവ് സുല്‍ത്താൻ അക്ബർ അലി, മണ്ണഞ്ചേരി സ്വദേശി ഫിറോസ് എന്നിവരെ അറസ്റ്റ് ചെയ്തിരുന്നു. ഷൈൻ ടോം ചാക്കോ ഉള്‍പ്പടെ രണ്ട് നടന്മാരുമായി ബന്ധമുണ്ടെന്നും ഇവർക്കൊപ്പം ലഹരി വസ്തുക്കള്‍ ഉപയോഗിച്ചിട്ടുണ്ടെന്നുമാണ് തസ്ലിമ എക്സൈസിന് മൊഴി നല്‍കിയത്.
തസ്ലിമയുടെ ഫോണില്‍ നിന്ന് ഷൈൻ ടോം ചാക്കോയ്ക്ക് യുവതികളുടെ ഫോട്ടോ അയച്ചു നല്‍കിയതും ഇരുവരും തമ്മിലുള്ള വാട്സ്‌ആപ്പ് ചാറ്റുകളും എക്സൈസ് കണ്ടെത്തിയിട്ടുണ്ട്. തസ്ലിമയ്ക്ക് പെണ്‍വാണിഭ സംഘങ്ങളുമായി ബന്ധമുള്ളതിനാല്‍ യുവതികളുടെ ഫോട്ടോ അത്തരത്തില്‍ അയച്ചു നല്‍കിയതാണോ എന്നാണ് അന്വേഷണസംഘം സംശയിക്കുന്നത്. തെളിവുകളുടെ അടിസ്ഥാനത്തില്‍ ഷൈനെ ചോദ്യം ചെയ്യുമെന്ന് അന്വേഷണസംഘം പറയുന്നുണ്ടെങ്കിലും ഇതുവരെ നോട്ടീസ് നല്‍കിയിട്ടില്ല.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പ്രതികളെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്ത് കൂടുതല്‍ തെളിവ് ശേഖരണത്തിന് ശേഷം മാത്രം നടന്മാരെ വിളിച്ചു വരുത്തിയാല്‍ മതിയെന്ന നിലപാടിലാണ് എക്സൈസ്. കേസില്‍ അറസ്റ്റിലായ മൂന്ന് പ്രതികളെയും തിങ്കളാഴ്ച കസ്റ്റഡിയില്‍ വാങ്ങും. കൊച്ചിയില്‍ അറസ്റ്റില്‍ ആയ ഷൈൻ തസ്ലിമയെ അറിയാമെന്ന് മൊഴി നല്‍കിയതിനാല്‍ നടപടികള്‍ വേഗത്തിലാക്കുമെന്നാണ് സൂചന. നേരത്തെ തസ്ലിമയുടെ മൊഴിയുടെ വിശദാംശങ്ങള്‍ പുറത്ത് വന്നതിന് പിന്നാലെ മുൻകൂർ ജാമ്യം തേടി ശ്രീനാഥ് ഭാസി ഹൈക്കോടതിയെ സമീപിച്ചെങ്കിലും ഹർജി പിൻവലിച്ചിരുന്നു. കേസില്‍ പ്രതിചേർത്തിട്ടില്ലാത്തതിനാലായിരുന്നു ഹർജി പിൻവലിച്ചത്.