ആലപ്പുഴ: തുമ്പോളിയില്‍ നവജാത ശിശുവിനെ പൊന്തക്കാട്ടില്‍ ഉപേക്ഷിച്ച മാതാവിനെ പൊലീസ് തിരിച്ചറിഞ്ഞു. പ്രസവിച്ച ശേഷം കുഞ്ഞിനെ തുമ്പോളിക്ക് സമീപത്തെ പൊന്തക്കാട്ടില്‍ ഉപേക്ഷിച്ച യുവതിയെ ആണ് പൊലീസ് കണ്ടെത്തിയത്. പ്രസവത്തെ തുടര്‍ന്നുള്ള അമിത രക്തസ്രവത്തെ തുടര്‍ന്ന് യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോള്‍ ആണ് പൊലീസ് ഇവരെ കണ്ടെത്തിയത്.
പൊന്തക്കാട്ടില്‍ നിന്നും കണ്ടെത്തിയ നവജാതശിശു ജനിച്ച് മണിക്കൂറുകള്‍ ആയിട്ടേയുള്ളൂ എന്ന് തിരിച്ചറിഞ്ഞതോടെ പൊലീസ് പ്രദേശത്തെ ആശുപത്രികളില്‍ പരിശോധന ആരംഭിച്ചിരുന്നു. ഇതോടെയാണ് ഭര്‍ത്താവിനും അമ്മയ്ക്കും ഒപ്പം ചികിത്സ തേടിയെത്തിയ യുവതിയെ പൊലീസ് തിരിച്ചറിഞ്ഞത്. കുട്ടിയെ പൊന്തക്കാട്ടില്‍ ഉപേക്ഷിച്ച ശേഷം വീട്ടില്‍ തിരിച്ചെത്തിയ യുവതി വൈകാതെ രക്തസ്രവം കാരണം അവശയായി. ഇതോടെയാണ് ഇവര്‍ ആശുപത്രിയില്‍ ചികിത്സ തേടിയെത്തിയത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
എന്നാല്‍ യുവതി ഗര്‍ഭിണിയായിരുന്നുവെന്ന കാര്യം അറിയില്ലായിരുന്നുവെന്നാണ് ആശുപത്രിയില്‍ ഒപ്പമെത്തിയ ഭര്‍ത്താവും മാതാവും പറയുന്നത്. ആശുപത്രിയില്‍ എത്തി ഡോക്ടര്‍മാര്‍ പറഞ്ഞപ്പോള്‍ മാത്രമാണ് പ്രസവത്തെ തുടര്‍ന്നുള്ള ബ്ലീഡിംഗാണ് യുവതിക്കെന്ന് വ്യക്തമായതെന്നും അവര്‍ പൊലീസിന് മൊഴി നല്‍കി. ഇത് ദുരൂഹത കൂട്ടുകയാണ്. അതായത് ഗര്‍ഭം വീട്ടുകാരറിയാതെ യുവതി ഒളിപ്പിച്ചു. ഈ സാഹചര്യത്തില്‍ യുവതിയുടെ വിശദ മൊഴി എടുക്കും.
കുട്ടിയെ ഉപേക്ഷിച്ച അമ്മയെ അറസ്റ്റു ചെയ്യാനും സാധ്യതയുണ്ട്. ചികില്‍സയിലുള്ള യുവതി ആരോഗ്യം വീണ്ടെടുത്താല്‍ മാത്രമേ ഇനി ഈ കേസില്‍ കൂടുതല്‍ വ്യക്തത വരൂ. ഭര്‍ത്താവും ഒന്നും അറിഞ്ഞില്ലെന്നാണ് പൊലീസിനോട് പറയുന്നത്. തുമ്പോളി ജംങ്ഷന് സമീപം ആക്രി പെറുക്കാന്‍ എത്തിയ ഇതര സംസ്ഥാന തൊഴിലാളികളാണ് കുട്ടിയെ ഇന്ന് രാവിലെ കണ്ടെത്തിയത്. പൊന്തക്കാട്ടില്‍ നിന്നുള്ള കരച്ചില്‍ കേട്ട് നടത്തിയ ഇവര്‍ തെരച്ചിലിനൊടുവില്‍
പെണ്‍കുഞ്ഞിനെ കണ്ടെത്തുകയായിരുന്നു.
കുഞ്ഞ് ജനിച്ച് അധികസമയമാകും മുന്‍പേ ഉപക്ഷേച്ചിതാണെന്ന് വ്യക്തമായിരുന്നു. നാട്ടുകാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് പൊലീസ് എത്തി കുഞ്ഞിനെ വനിതാ ശിശു ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. ആശുപത്രിയില്‍ ചികിത്സയിലുള്ള യുവതിയുടെ ആരോഗ്യനില മെച്ചപ്പെട്ട ശേഷം പൊലീസ് ഇവരില്‍ നിന്നും വിശദമായി മൊഴിയെടുക്കും. ഇതിന് ശേഷം കുട്ടിയുടെ അച്ഛനെ ഉറപ്പിക്കാന്‍ ഡിഎന്‍എ പരിശോധനയും നടത്തും.
കുഞ്ഞിന്റെ അമ്മയെന്ന് സംശയിക്കുന്ന യുവതിയും ബീച്ച് ആശുപത്രിയില്‍ ചികിത്സ തേടിയതായി പൊലീസ് പിന്നീട് തിരിച്ചറിയുകയായിരുന്നു. അമിതരക്തസ്രാവത്തെ തുടര്‍ന്നാണ് യുവതിയെ രാവിലെ ആശുപത്രിയിലെത്തിച്ചത്. പിന്നീടാണ് പൊന്തക്കാട്ടില്‍നിന്ന് കുഞ്ഞിനെ കണ്ടെത്തിയത്.