ആലപ്പുഴ : പുന്നപ്രയിൽ കടൽ കയറ്റം ശക്തം. തീരം കവർന്ന് പല ഭാഗത്തും കടൽ ഇരച്ചുകയറിയത് പരിഭ്രാന്തി പരത്തി. പുന്നപ്ര ചള്ളി തീരം മുതൽ പുന്നപ്ര തെക്ക് പഞ്ചായത്ത് ഒന്നാം വാർഡ് നർബോന തീരം വരെയാണ് കടൽകയറ്റമുണ്ടായത്. ഇവിടെ വാവക്കാട്ട് പൊഴിയുടെ അരികിൽ നിന്ന നിരവധി കാറ്റാടി മരങ്ങൾ നിലംപൊത്തി. തിരമാലകൾ വീണ്ടും കിഴക്കോട്ട് കേറിയാൽ നർബോണ തീരത്തുള്ള കുരിശടി ഏതു സമയത്തും വീഴാറായ അവസ്ഥയിലാണ്. പറവൂർ ഗലീലിയ, വാടക്കൽ അറപ്പപ്പൊഴി തുടങ്ങിയ ഭാഗത്തും കടൽശക്തമാണ്.
തിരമാലകൾ ശക്തമായതിനെ തുടർന്ന് ആഴ്ചകൾക്ക് മുമ്പ് അറപ്പ പൊഴി മുറിച്ചു മാറ്റിയെങ്കിലും പൊഴി മുഖത്തു മണ്ണടിഞ്ഞുകൂടിയതിനാൽ ഇവിടെ കടലിൽ നിന്നുള്ള നീരൊഴുക്കു തടസ്സപ്പെട്ടിരുന്നു. എങ്കിലും ഇടക്കുള്ള ശക്തമായ കടൽ കയറ്റം പൊഴിയിലേക്ക് ഇരച്ചുകയറുകയാണ്. പുന്നപ്ര ഫിഷ് ലാൻ്റിനു സമീപവും കടലേറ്റം ശക്തമായി തുടരുകയാണ്.