ആലപ്പുഴ: ആലപ്പുഴയിൽ ചികിത്സ പിഴവിനെ തുടർന്ന് ഗുരുതര വൈകല്യങ്ങളോടെ ജനിച്ച നവജാത ശിശുവിനെ കയ്യൊഴിഞ്ഞ് ആരോഗ്യ വകുപ്പ്. കുഞ്ഞിന്റെ ചികിത്സ ഏറ്റെടുക്കുമെന്ന് പറഞ്ഞ ആരോഗ്യ വകുപ്പ് കഴിഞ്ഞ ദിവസം വിവിധ പരിശോധനകൾക്കായി പണം ഈടാക്കി. ഡോക്ടര്‍മാര്‍ക്കെതിരായ നടപടിയും വൈകുകയാണ്. സർക്കാർ അവഗണനക്കെതിരെ കടപ്പുറത്തെ വനിത ശിശു ആശുപത്രിക്ക് മുന്നിൽ സമരം ചെയ്യാൻ ഒരുങ്ങുകയാണ് കുടുംബം.
ഗർഭകാലപരിചരണത്തിലും ചികിത്സയിലുമുണ്ടായ പിഴവാണ് കുട്ടിക്ക് ഗുരുതര വൈകല്യങ്ങളുണ്ടാകാൻ കാരണമെന്നായിരുന്നു കുടുംബത്തിന്റെ ആരോപണം. സംഭവം വലിയ വിവാദമായതോടെ സർക്കാർ ഇടപെട്ടു. കുട്ടിയുടെ തുടർചികിത്സയെല്ലാം സൗജന്യമായിരിക്കുമെന്നും ആരോഗ്യ മന്ത്രി വീണ ജോർജ് ഉറപ്പ് നൽകി. എന്നാൽ കഴിഞ്ഞ ദിവസം ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ കുഞ്ഞിനെ വിവിധ പരിശോധനകൾക്കെത്തിച്ചപ്പോൾ പണം ഈടാക്കിയെന്നാണ് മാതാപിതാക്കൾ പറയുന്നത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ആലപ്പുഴ ലജനത്ത് വാർഡിൽ താമസിക്കുന്ന അനീഷ് മുഹമ്മദിന്റെയും സുറുമിയുടേയും മൂന്നാമത്തെ കുഞ്ഞിനാണ് ജന്മനാൽ ഗുരുതര വൈകല്യങ്ങളുണ്ടായത്. ഗർഭകാലത്ത് എഴുതവണ സ്കാനിങ്ങ് നടത്തിയിട്ടും വൈകല്യങ്ങൾ കണ്ടെത്താനായില്ലെന്നായിരുന്നു പരാതി. സംഭവത്തിൽ വീഴ്ച വരുത്തിയ ആരോഗ്യ വകുപ്പ് ജീവനക്കാർക്കെതിരെ നടപടി വൈകുന്നെന്നും കുടുംബത്തിന് പരാതിയുണ്ട്.
ആലപ്പുഴ വനിതാ ശിശു ആശുപത്രിയിലെ രണ്ട് ഡോക്ടർമാർ ഉൾപ്പടെയുള്ളവർക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. കൂടുതൽ ചികിത്സാ രേഖകൾ ഹാജരാക്കാൻ അന്വേഷണ ഉദ്യോഗസ്ഥൻ ആവശ്യപ്പെട്ടെങ്കിലും ഇല്ലെന്നായിരുന്നു കടപ്പുറം ആശുപത്രിയുടെ മറുപടി.