ആലപ്പുഴ : ദേശീയപാതാ വികസനത്തിനു സ്ഥലമെടുക്കുന്നതു സംബന്ധിച്ച് ചിലയിടത്ത് ആശയക്കുഴപ്പം. എവിടെയൊക്കെയാണ് വീണ്ടും സ്ഥലം ഏറ്റെടുക്കേണ്ടി വരുന്നത് എന്നതു സംബന്ധിച്ച് ഏകദേശ കണക്കായെങ്കിലും കെട്ടിടങ്ങൾക്കു നഷ്ടപരിഹാരം നൽകുന്ന കാര്യത്തിൽ തീരുമാനമായില്ല. ജില്ലയുടെ പല ഭാഗത്തും സർവേ നടത്തി സ്ഥലമെടുത്തത് 45 മീറ്റർ വീതിയിലല്ലെന്ന് നിർമാണ കരാറുകാർ ദേശീയപാതാ അതോറിറ്റിയെ അറിയിക്കുകയായിരുന്നു.
എന്നാൽ, സർവേ നടത്തിയതിലെ വീഴ്ചയാണോ ചിലർ സംഘടിതമായി സർവേക്കല്ലുകൾ മാറ്റിയിട്ടതാണോയെന്ന് വ്യക്തമായിട്ടില്ല.ഒരുതവണ നഷ്ടപരിഹാരം നൽകി ഏറ്റെടുത്ത ഭൂമിയിൽ വീണ്ടും കെട്ടിടം പണിതവർക്ക് നഷ്ടപരിഹാരം നൽകാനാകില്ല. അതിനാൽ സർവേ നടത്തി നഷ്ടപരിഹാരം വിതരണം ചെയ്തത് എവിടെ വരെയുള്ള ഭൂമിക്കാണെന്നു കണക്കാക്കിയാലേ, തുടർന്ന് ഏറ്റെടുക്കൽ നടക്കൂ.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഒരിക്കൽ പൊളിച്ച വീടുകൾ വാസയോഗ്യമാക്കിയ ശേഷം വീണ്ടും പൊളിക്കേണ്ടി വരുന്നതിനെതിരെ ജനങ്ങൾക്കു പ്രതിഷേധമുണ്ട്. അതേസമയം, പുറക്കാടിനു സമീപം ജില്ലയിലെ തന്നെ റവന്യു ഉദ്യോഗസ്ഥന്റെ ബന്ധുവിന്റെ വീട് മാത്രം സർവേയിൽ നിന്ന് ഒഴിവായി. ഉദ്യോഗസ്ഥൻ സർവേ സംഘത്തെ സ്വാധീനിച്ചോ എന്നു സംശയമുണ്ട്.
മേൽപാതയ്ക്കായി അരൂരിൽ കൂടുതൽ സ്ഥലം ഏറ്റെടുക്കേണ്ട എന്നിരിക്കെ, മറ്റൊരു മേൽപാത വരുന്ന ചേപ്പാട് 45 മീറ്റർ വീതിയിൽ സ്ഥലം ഏറ്റെടുത്തെന്ന് ആരോപണം. അരൂർ മുതൽ തുറവൂർ വരെ നിലവിൽ നാലുവരിപ്പാതയുള്ളിടത്താണ് മേൽപാത വരുന്നത്. ഇവിടെ ചിലയിടങ്ങളിൽ മാത്രമാണു കൂടുതൽ സ്ഥലം ഏറ്റെടുക്കുന്നത്. എന്നാൽ, ചേപ്പാട് പള്ളിക്കു സമീപം 445 മീറ്റർ നീളത്തിൽ മേൽപാത നിർമിക്കാനാണു തീരുമാനമെങ്കിലും നിലവിലെ നിരപ്പിൽ ആറുവരിപ്പാത കടന്നുപോകുന്ന രീതിയിൽ സ്ഥലം ഏറ്റെടുത്തെന്നാണ് ആരോപണം. ഇതുകാരണം ഒട്ടേറെ വീടുകളും ആരാധനാലയങ്ങളും പൊളിക്കേണ്ടി വന്നെന്നു നാട്ടുകാർ പറയുന്നു.