തിരുവനന്തപുരം : സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് വിതരണ വേളയില്‍ പുരസ്‌കാര ജേതാവ് കൂടിയായ നടൻ അലൻസിയര്‍ നടത്തിയ പ്രസ്താവനയെ അപലപിച്ചു കേരള വനിതാ കമ്മീഷൻ അധ്യക്ഷ അഡ്വ.പി സതീദേവി. സാംസ്‌കാരിക കേരളത്തിന് ഒട്ടും നിരക്കാത്ത വിധത്തിലുള്ള പരാമര്‍ശമാണിതെന്നും സതീദേവി കുറ്റപ്പെടുത്തി.
സ്ത്രീപക്ഷ കാഴ്ചപ്പാട് മുന്നോട്ടുവെച്ചുകൊണ്ടാണ് ചലച്ചിത്രമേഖലയില്‍ വര്‍ഷങ്ങളായി നടത്തിവരുന്ന അവാര്‍ഡ് വിതരണത്തിലെ പുരസ്‌കാരംതന്നെ ഒരു സ്ത്രീയുടെ രൂപം ആലേഖനം ചെയ്ത ശില്‍പമായി നല്‍കുന്നത്. വളരെയേറെ അഭിമാനത്തോടെ ഇത് കാണുന്നതിനുപകരം അവഹേളിച്ചുകൊണ്ട് പ്രസ്താവന നടത്തിയത് അനുചിതവും സാംസ്‌കാരിക കേരളത്തിനും ചലച്ചിത്രമേഖലക്കും ആകെ അവഹേളനം ഉണ്ടാക്കുന്ന നടപടിയാണെന്നും സതീദേവി പറഞ്ഞു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ആണ്‍കരുത്തുള്ള മുഖ്യമന്ത്രി ഭരിക്കുന്ന നാട്ടില്‍ പെണ്‍രൂപത്തിലുള്ള പ്രതിമ നല്‍കി അപമാനിക്കരുതെന്നാണ് അലൻസിയര്‍ പറഞ്ഞത്. അപ്പൻ എന്ന സിനിമയിലെ പ്രകടനത്തിന് പ്രത്യേക ജൂറി പുരസ്‌കാരം ഏറ്റുവാങ്ങിയ ശേഷമായിരുന്നു അലൻസിയറുടെ വിവാദ പരാമര്‍ശം. ഈ പെണ്‍പ്രതിമ തന്ന് ഞങ്ങളെ പ്രലോഭിപ്പിക്കരുത്. ഇനിയെങ്കിലും ആണ്‍കരുത്തുള്ള മുഖ്യമന്ത്രി ഭരിക്കുന്നിടത്ത് ആണ്‍കരുത്തുള്ള ശില്‍പം വേണം. ആണ്‍കരുത്തുള്ള പ്രതിമ എന്ന് വാങ്ങുന്നോ അന്ന് ഞാൻ അഭിനയം നിര്‍ത്തും -എന്നിങ്ങനെയായിരുന്നു അലൻസിയറിന്റെ പരാമര്‍ശം.