കൊല്ലം: അലിഫ് എന്ന അറബി വാക്കിന്റെ അര്‍ത്ഥം ഇഷ്ടം, സൗഹൃദം എന്നൊക്കെയാണ്. ശാസ്താംകോട്ട ഡിബി കോളജിലെ മൂന്നാം വര്‍ഷ ബികോം വിദ്യാര്‍ത്ഥി അലിഫ് മുഹമ്മദിന് പേരിനെ അന്വര്‍ത്ഥമാക്കുന്ന ലോകവും ചുറ്റുമുണ്ട്. ജന്മനാ രണ്ട് കാലുകളും ഇല്ലാത്ത അലിഫിന് കാലുകള്‍ക്ക് പകരം ചിറകുകളാവുകയാണ് ഒപ്പമുള്ള കൂട്ടുകാര്‍. ഒരു ബുദ്ധിമുട്ടും അറിയിക്കാതെ അലിഫിനെ പൊന്നുപോലെ നോക്കുന്ന ആ കലാലയത്തില്‍ നിന്നുള്ള സ്‌നേഹക്കാഴ്ചയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗം. കോളജ് ആര്‍ട്‌സ് ഡേയുടെ അന്നാണ് അര്‍ച്ചനയും ആര്യയും കൂടി അലീഫിനെ എടുത്തുകൊണ്ട് കോളേജിലേക്ക് വരുന്ന ചിത്രം ഫോട്ടോഗ്രാഫറായ ജഗത്ത് തുളസീധരന്‍ എടുത്തത്. വളരെ പെട്ടെന്ന് ഈ ദൃശ്യങ്ങള്‍ സൈബര്‍ ലോകത്ത് പ്രചരിച്ചു.
കരുനാഗപ്പള്ളി മാരാരിതോട്ടം ബീമാ മന്‍സിലില്‍ ഷാനവാസിന്റെയും സീനത്തിന്റെയും മകനാണ് അലിഫ് മുഹമ്മദ്. അലിഫിന് ജന്മന ഇരുകാലുകള്‍ക്കും സ്വാധീനമില്ല. കാലിന് സ്വാധീനമില്ലാത്ത തങ്ങളുടെ കൂട്ടുകാരനെ യാതൊരു ബുദ്ധിമുട്ടും അറിയിക്കാതെ എടുത്തുകൊണ്ട് നടക്കുന്ന സുഹൃത്തുക്കളായ ആര്യയുടെയും അര്‍ച്ചനയുടെയും ചിത്രം സമൂഹ മാധ്യമങ്ങളില്‍ ഇപ്പോള്‍ വൈറലാണ്. ഏതാനും സെക്കന്റുകള്‍ മാത്രം ദൈര്‍ഘ്യമുള്ള വിഡിയോ സമൂഹമാധ്യമങ്ങളില്‍ വലിയ അംഗീകാരമാണ് ലഭിച്ചത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
2020ല്‍ ശാസ്താംകോട്ട ദേവസ്വം ബോര്‍ഡ് കോളേജിലെ പ്രിന്‍സിപ്പല്‍ ഉണ്ണികൃഷ്ണനും പ്രവാസി സംഘവും ചേര്‍ന്ന് അലിഫിനൊരു ഇലക്ട്രിക് വീല്‍ ചെയര്‍ സമ്മാനിച്ചിരുന്നു. എങ്കിലും അലിഫിനെ എവിടെയും കൊണ്ടുപോകാന്‍ തങ്ങള്‍ മതിയെന്ന നിലപാടിലാണ് അവന്റെ കൂട്ടുകാര്‍.
ഇത്തരം കാഴ്ചകള്‍ വാര്‍ത്തയല്ലാതാകുന്ന കാലത്തിലേക്ക് കൈപിടിച്ചു നടത്തുകയാണ് പുതിയ കാലത്തെ കുഞ്ഞുങ്ങള്‍. ശാരീരിക വെല്ലുവിളികള്‍ നേരിടുന്നവരെ, സഹായഹസ്തം സ്വീകരിക്കുന്നവരെ, അത് വച്ചുനീട്ടുന്നവരെ അത്ഭുതകാഴ്ചയായി കാണാത്ത ലോകം. മതത്തിനും ലിംഗത്തിനും കക്ഷി രാഷ്ട്രീയത്തിനും സോഷ്യല്‍ സ്റ്റാറ്റസിനും അപ്പുറം മനുഷ്യത്വവും സഹാനുഭൂതിയും മാത്രമേ മനുഷ്യനെ നവീകരിക്കൂ എന്ന തിരിച്ചറിവ്. കണ്ട് പഠിക്കാന്‍ ഏറെയുണ്ട്, കെട്ടകാലത്തും അസാധാരണ ആത്മവിശ്വാസത്തോടെ, ഐക്യത്തോടെ മുന്നോട്ട് നീങ്ങുന്ന പുതിയ കാലത്തെ കുഞ്ഞുങ്ങളില്‍ നിന്ന്..!