തിരുവനന്തപുരം: രണ്ടു ദിവസത്തെ പണിമുടക്ക് കാരണം അതിനു മുന്‍പുള്ള ഞായറാഴ്ച റേഷന്‍ കടകള്‍ തുറക്കണമെന്ന മന്ത്രി ജി.ആര്‍.അനിലിന്റെ നിര്‍ദ്ദേശം തള്ളി റേഷന്‍ വ്യാപാരികള്‍. എന്നാല്‍, പൊതു പണിമുടക്ക് ദിവസമായ മാര്‍ച്ച് 28നും 29നും റേഷന്‍ കടകള്‍ തുറക്കുമെന്നും റേഷന്‍ വ്യാപാരികള്‍. അറിയിച്ചു. മാസാവസാനമായതു കൊണ്ടു കൂടുതല്‍ ഉപഭോക്താക്കള്‍ റേഷന്‍ വാങ്ങാന്‍ കടകളില്‍ വരുന്നതിനാല്‍ രണ്ടു ദിവസത്തെ പൊതുപണിമുടക്കില്‍നിന്നു വിട്ടുനില്‍ക്കാന്‍ സ്വതന്ത്ര സംഘടനകളായ ഓള്‍ കേരള റീട്ടെയില്‍ റേഷന്‍ ഡീലേഴ്‌സ് അസോസിയേഷനും കേരള സ്റ്റേറ്റ് റീട്ടെയില്‍ റേഷന്‍ ഡീലേഴ്‌സ് അസോസിയേഷനും തീരുമാനിച്ചു.
കേരള റേഷനിങ് ഓര്‍ഡര്‍ പ്രകാരം അതാവശ്യ സന്ദര്‍ഭങ്ങളിലും ഉത്സവങ്ങളോ വിശേഷാല്‍ ദിവസങ്ങളോ അടുത്ത ദിവസങ്ങളില്‍ വരുന്ന സാഹചര്യത്തിലും ആണ് ഞായറാഴ്ച പോലുള്ള പൊതു അവധിദിനങ്ങളില്‍ കടകള്‍ തുറക്കാന്‍ അനുവദിക്കാവുന്നത്. പണിമുടക്ക് ദിവസങ്ങളില്‍ കടകള്‍ തുറന്നു പ്രവര്‍ത്തിക്കുന്നതിന് ആവശ്യമായ സഹായവും സഹകരണവും സര്‍ക്കാരില്‍നിന്ന് ഉണ്ടാവണമെന്ന് ഇരുസംഘടനകളുടെയും നേതാക്കളായ ജോണി നെല്ലൂര്‍, കാടാമ്പുഴ മൂസ, ടി.മുഹമ്മദാലി, അജിത്കുമാര്‍, ഇ.അബൂബക്കര്‍ ഹാജി, ശിവദാസന്‍ വേലിക്കാട്, സി.മോഹനന്‍പിള്ള തുടങ്ങിയവര്‍ അഭ്യര്‍ഥിച്ചു.