ഹൈദരാബാദ്: പുഷ്പ -2 പ്രീമിയർ ഷോ ദുരന്തത്തിൽ അല്ലു അർജുന് ഹൈദരാബാദ് പൊലീസിൻ്റെ നോട്ടീസ്. ഇന്ന് രാവിലെ 11ന് ചിക്കട്പള്ളി പൊലീസ് സ്റ്റേഷനിൽ ഹാജരാകണമെന്നാണ് നോട്ടീസിൽ പറയുന്നത്. പ്രീമിയർ ഷോ ദുരന്തവുമായി ബന്ധപ്പെട്ട് താരത്തെ ഹൈദരാബാദ് പൊലീസ് ചോദ്യം ചെയ്യും. പൊലീസ് ഉദ്യോഗസ്ഥർ വീട്ടിലെത്തിയാണ് അല്ലു അർജുൻ നോട്ടീസ് കൈമാറിയത്. അന്വേഷണവുമായി സഹകരിക്കുമെന്ന് അല്ലു അർജുൻ പറഞ്ഞതായാണ് റിപ്പോർട്ട്.
അല്ലുവിന്റെ വീട്ടിൽ തിരക്കിട്ട ചർച്ചകൾ പുരോഗമിക്കുകയാണെന്ന വിവരവും പുറത്തുവരുന്നുണ്ട്. അഭിഭാഷകർ വീട്ടിലെത്തി താരവുമായി സംസാരിക്കുന്നുണ്ടെന്നാണ് സൂചന.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഡിസംബർ 4നാണ് പുഷ്പ 2: ദി റൂൾ പ്രീമിയറുമായി ബന്ധപ്പെട്ട് സന്ധ്യ തിയേറ്ററിൽ ദുരന്തം സംഭവിച്ചത്. തിക്കിലും തിരക്കിലും പെട്ട് ഒരു സ്ത്രീ മരിക്കുകയും ഇളയ മകന് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തിരുന്നു.
ഹൈദരാബാദ് ദിൽഷുക്നഗർ സ്വദേശിനി രേവതി (39) യാണ് തിക്കിലും തിരക്കിലും പെട്ട് മരിച്ചത്. സംഭവത്തില്‍ തിക്കും തിരക്കിനും കാരണമായി എന്ന് ആരോപിച്ച് അല്ലു അർജുനെയും ഒപ്പം തിയേറ്റർ മാനേജ്മെന്റിലെ ആളുകളെയും ഹൈദരാബാദ് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
ഡിസംബർ 13ന് വൈകീട്ടാണ് അല്ലു അര്‍ജുനെ തെലങ്കാന പൊലീസ് അറസ്റ്റ് ചെയ്തത്. എന്നാല്‍ ശനിയാഴ്ച രാവിലെ തന്നെ തെലങ്കാന ഹൈക്കോടതിയില്‍ നിന്നും ലഭിച്ച ഇടക്കാല ജാമ്യത്തില്‍ താരം പുറത്തിറങ്ങിയിരുന്നു. 50,000 രൂപയുടെ ബോണ്ടിനാണ് അല്ലുവിന് നാലാഴ്ചത്തെ ഇടക്കാല ജാമ്യം നല്‍കിയത്.