മോഷ്ടാവ് കവർന്ന സൈക്കിളിന് പകരം വിദ്യാർഥിനിക്ക് പുതിയ സൈക്കിൾ വാങ്ങി എടത്വ പൊലീസ്

ആലപ്പുഴ : മോഷ്ടാവ് കവർന്ന സൈക്കിളിന് പകരം വിദ്യാർഥിനിക്ക് പുതിയ സൈക്കിൾ വാങ്ങി നൽകി എടത്വ പൊലീസ് ഉദ്യോഗസ്ഥർ മാതൃകയായി. പച്ച – ചെക്കിടിക്കാട് ലൂർദ് മാതാ ഹയർ സെക്കൻ്ററി സ്ക്കൂൾ 9-ാം ക്ലാസ് വിദ്യാർഥിനിയുടെ സൈക്കിളാണ് ഒരാഴ്ചയ്ക്ക് മുൻപ് മോഷ്ടാവ് കവർന്നത്. വീട്ടിൽ നിന്ന് ഒരു കിലോമീറ്ററിലേറെ ദൂരം സ്കൂളിലേയ്ക്ക് സൈക്കിളിൽ സഞ്ചരിച്ചാണ് വിദ്യാർഥിനി സ്കൂളിൽ എത്തിയിരുന്നത്. നിർദ്ദന കുടുംബത്തിലെ രക്ഷിതാക്കൾ ഏറെ ബുദ്ധിമുട്ടി മകൾക്ക് വാങ്ങിയ സൈക്കിളാണ് മോഷണം പോയത്. സൈക്കിൾ മോഷണം പോയതിനെ തുടർന്ന് വിദ്യാർഥിനിയും മാതാപിതാക്കളും എടത്വ പൊലീസിൽ പരാതിപ്പെട്ടിരുന്നു. എടത്വ പൊലീസിൻ്റെ നേതൃത്വത്തിൽ അന്വഷണം നടത്തുന്നതിനിടെയാണ് എടത്വ എസ്ഐ റിജോയുടെ നേത്യത്വത്തിൽ സിഐ എം. അൻവർ, എസ്ഐ രാജേഷ്, സിപിഒ ശ്രീരാജ് എന്നിവർ ചേർന്ന് വിദ്യാർഥിനിക്ക് പുതിയ സൈക്കിൾ വാങ്ങി നൽകിയത്. പുതിയ സൈക്കിൾ നൽകിയെങ്കിലും അന്വേഷണം തുടരുകയും മോഷ്ടാവിനെ പിടികൂടുകയും ചെയ്യുമെന്ന് പൊലീസ് ഉറപ്പു നൽകി. പുതിയ സൈക്കിൾ കിട്ടിയ സന്തോഷത്തിൽ പൊലീസ് ഉദ്യോഗസ്ഥർക്ക് വിദ്യാർഥിനിയും കുടുംബവും നന്ദി പറഞ്ഞു.

Advertisements

Hot Topics

Related Articles