ആലപ്പുഴ :
അമ്പലപ്പുഴയിൽ സ്ത്രീയെ ആക്രമിച്ച് മാല കവർന്ന പ്രതി പോലീസ് പിടിയിൽ. പുന്നപ്ര തെക്ക് പഞ്ചായത്ത് ആലിശ്ശേരി വീട്ടിൽ സജിത്ത് (31) ആണ് പിടിയിലായത്. പുന്നപ്ര വടക്ക് കൊല്ലംപറമ്പ് വീട്ടിൽ ജോസിയുടെ ഭാര്യ ജാൻസിയുടെ മാലയാണ് മോഷ്ടിച്ചത്. ഇന്നലെ പുലർച്ചെ 6 മണിയോടെ സെൻറ് ജോസഫ് ഫെറോന പള്ളിയിലേക്ക് കുർബാനയ്ക്ക് പോയപ്പോൾ ആണ് സംഭവം നടന്നത്. പ്രതി ജാൻസിയെ പിന്നിൽ നിന്ന് അക്രമിക്കുകയും ജാൻസിയെ കാലുകൊണ്ട് ചവിട്ടി വീഴ്ത്തിയ ശേഷം 2 പവൻ തൂക്കംവരുന്ന മാലയുമായി കടന്നു കളഞ്ഞു. ബഹളം കേട്ട് അയൽക്കാർ ഓടി എത്തിയെങ്കിലും പ്രതി ഇരുട്ടിലേക്ക് ഓടി ഒളിച്ചു.
പുന്നപ്ര പോലീസ് എത്തി ശാസ്ത്രീയമായി നടത്തിയ പരിശോധനയ്ക്ക് ഒടുവിൽ പ്രതിയുടെ ദൃശ്യങ്ങൾ ശേഖരിച്ച ശേഷം മണിക്കൂറുകൾക്കുള്ളിൽ പ്രതിയെ പിടികൂടി. പ്രതിയെ ദേഹ പരിശോധന നടത്തിയപ്പോൾ സ്ത്രീയുടെ കൈവശം നിന്നും നഷ്ടപ്പെട്ട 2 പവൻ തൂക്കം വരുന്ന മാല പോലീസിന് ലഭിച്ചു. പ്രതിയെ വിശദമായ ചോദ്യം ചെയ്തതിൽ പ്രതി കുറ്റസമ്മതം നടത്തി. പ്രതി സമാനമായ രീതിയിൽ നടത്തിയിട്ടുള്ള മറ്റു പല കവർച്ച കേസുകളുടെ സൂചന ലഭിച്ചതായി പോലീസ് പറഞ്ഞു. പ്രതിക്ക് നിലവിൽ പുന്നപ്ര സ്റ്റേഷൻ അതിർത്തിയിൽ നാലോളം കേസുകൾ ഉണ്ട്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പുന്നപ്ര സ്റ്റേഷൻ ഇൻസ്പെക്ടർ നിർമ്മൽ ബോസിന്റെ നേതൃത്വത്തിൽ സബ് ഇൻസ്പെക്ടർ ആനന്ദ് വി എൽ, സന്തോഷ് ടി, എഎസ്ഐ അനസ്, എസ് സിപിഓ മാരായ ബിനു, വിനിൽ , ബിപിൻ, സജു , ഹരികൃഷ്ണൻ എന്നിവർ അടങ്ങുന്ന സ്ക്വാഡാണ് പ്രതിയെ പിടികൂടിയത്.