ചക്കുളത്തുകാവ് ക്ഷേത്രം : പൊങ്കാലയുടെ വരവറിയിച്ച് നിലവറദീപം നാളെ തെളിയും

ആലപ്പുഴ :
എടത്വ ചക്കുളത്തുകാവ് ശ്രീഭഗവതി ക്ഷേത്രത്തില്‍ ത്യക്കാര്‍ത്തിക പൊങ്കാലയുടെ വരവറിയിച്ച് നിലവറദീപം നാളെ തെളിയും. മുഖ്യകാര്യദര്‍ശിമാരായ രാധാകൃഷ്ണന്‍ നമ്പൂതിരിയും ഉണ്ണിക്യഷ്ണന്‍ നമ്പൂതിരിയും ചേര്‍ന്ന് മൂലകുടുംബ ക്ഷേത്രത്തിലെ നിലവറയില്‍ ഭദ്രദീപം തെളിക്കും. നിലവറ ദീപത്തില്‍ നിന്ന് പകര്‍ന്നെടുത്ത ദീപം കാര്യദര്‍ശി മണിക്കുട്ടന്‍ നമ്പൂതിരി ക്ഷേത്രനടയില്‍ പ്രത്യേകം തയ്യാറാക്കിയ ആട്ടവിളക്കിലേക്ക് പകരും. നിലവറ ദീപം കൊടിമരച്ചുവട്ടില്‍ എത്തിക്കുന്നതിന് മുന്നോടിയായി മേല്‍ശാന്തിമാരായ അശോകന്‍ നമ്പൂതിരി, രഞ്ജിത്ത് ബി നമ്പൂതിരി, ദുര്‍ഗ്ഗാദത്തന്‍ നമ്പൂതിരി എന്നിവരുടെ കാര്‍മ്മികത്വത്തില്‍ പ്രത്യേക പൂജകള്‍ നടക്കും. വാദ്യമേളങ്ങളുടേയും, വായ്ക്കുരവകളുടേയും അകമ്പടിയോട് കൂടിയാണ് ദീപം ക്ഷേത്രനടയില്‍ എത്തിക്കുന്നത്. തുടര്‍ന്ന് നടക്കുന്ന പൊതുസമ്മേളനം ചമ്പക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജിന്‍സി ജോളി ഉദ്ഘാടനം ചെയ്യും. കാര്യദര്‍ശി മണിക്കുട്ടന്‍ നമ്പൂതിരി അധ്യക്ഷത വഹിക്കും. തലവടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഗായത്രി ബി നായര്‍ മുഖ്യപ്രഭാഷണം നടത്തും. തിന്മയുടെ സ്വരൂപമായ കാര്‍ത്തിക സ്തംഭം 19 ന് വൈകിട്ട് 6 ന് ക്ഷേത്ര സന്നിധിയില്‍ ഉയരും. 27 ന് പൊങ്കാല ദിനത്തില്‍ വൈകിട്ട് 6.30 ന് പഞ്ചിമ ബംഗാള്‍ ഗവര്‍ണ്ണര്‍ ആനന്ദബോസ് ഐഎഎസ് കാര്‍ത്തിക സ്തംഭത്തില്‍ അഗ്‌നി പകരും.
പൊങ്കാലയ്ക്ക് വിപുലമായ സജ്ജീകരണങ്ങളാണ് ക്ഷേത്ര ട്രസ്റ്റിന്റെ മേല്‍നോട്ടത്തില്‍ നടക്കുന്നത്. ക്ഷേത്ര പരിസരത്തും പ്രധാന പാതയിലും പൊങ്കാല ഇടുന്ന സ്ത്രീകള്‍ക്ക് ആവശ്യമായ ക്രമീകരണങ്ങള്‍ ഒരുക്കാന്‍ ആയിരക്കണക്കിന് വാളന്റിയേഴ്‌സിന്റേയും നിയമ പാലകരുടേയും സേവനം സജ്ജമാക്കിയിട്ടുണ്ട്. പൊങ്കാലയ്ക്ക് ആവശ്യമായ ഇഷ്ടിക, കലം കൊണ്ടുവരാത്ത തീര്‍ത്ഥാടകര്‍ക്ക് അതാത് സ്ഥലങ്ങളില്‍ സാധനങ്ങള്‍ എത്തിക്കാനുള്ള നടപടി സ്വീകരിച്ചിട്ടുണ്ട്. ഹരിത പ്രോട്ടോകോള്‍ പാലിച്ചായിരിക്കും പൊങ്കാല നടക്കുന്നത്. സംസ്ഥാനത്തിന്റെ വിവിധ ഡിപ്പോയില്‍ നിന്ന് കെ എസ് ആര്‍ ടി സി ബസ് സൗകര്യം ഒരുക്കിയിട്ടുണ്ട്. എടത്വ ഡിപ്പോയ്ക്ക് പുറമേ തലവടിയില്‍ താല്കാലിക ഡിപ്പോയുടെ പ്രവര്‍ത്തനം ആരംഭിക്കും. വിവിധ ഡിപ്പാര്‍ട്ട്‌മെന്റുകളെ പ്രതിനിധീകരിച്ച് ഉദ്ദ്യോഗസ്ഥരുടെ സേവനം ലഭ്യമാണ്. പൊങ്കാല രജിസ്‌ട്രേഷന്‍ ദിവസങ്ങള്‍ക്ക് മുന്‍പേ ആരംഭിച്ചു. ആയിരക്കണക്കിന് തീര്‍ത്ഥാടകരാണ് പൊങ്കാല കൂപ്പണ്‍ വാങ്ങാന്‍ ക്ഷേത്രത്തില്‍ എത്തുന്നത്. നിലവറ ദീപം തെളിയുന്നതോടെ ക്ഷേത്രവും പരിസരവും വ്രതശുദ്ധിയുടെ നാളുകളായിരിക്കും.

Advertisements

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.