ആലപ്പുഴ : ചക്കുളത്തുകാവ് ശ്രീഭഗവതി ക്ഷേത്രത്തിൽ പൊങ്കാല അവലോകന യോഗം നടന്നു. മാനേജിംങ് ട്രസ്റ്റി മണിക്കുട്ടൻ നമ്പൂതിരിയുടെ അധ്യക്ഷതയിൽ കൂടിയ അവലോകന യോഗം തിരുവല്ല നഗരസഭ ചെയർപേഴ്സൺ അനു ജോർജ്ജ് ഉദ്ഘാടനം ചെയ്തു. ചെങ്ങന്നൂർ നഗരസഭ ചെയർപേഴ്സൺ ശോഭ വർഗീസ് മുഖ്യ പ്രഭാഷണം നടത്തി. മുഖ്യകാര്യദർശി രാധാകൃഷ്ണൻ നമ്പൂതിരി അനുഗ്രഹ പ്രഭാഷണം നിർവ്വഹിച്ചു. വനിത പോലീസ് ഉൾപ്പെടെ പോലീസ് ഉദ്യോഗസ്ഥരുടെ സേവനം പൊങ്കാല വീഥിയിൽ സജ്ജമാക്കുമെന്ന് അധികൃതർ അറിയിച്ചു. ആംബുലൻസ് സേവനവും കൊതുക് നശീകരണവും ക്ലോറിനേഷനും നടത്താനും ക്ഷേത്ര അങ്കണത്തിൽ താല്കാലിക ക്ലിനിക്ക് പ്രവർത്തിപ്പിക്കാനും ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ ഉറപ്പ് നൽകി.
എടത്വാ, തിരുവല്ല ഡിപ്പോയ്ക്ക് പുറമേ നീരേറ്റുപുറം പാലത്തിന് കിഴക്കേ കരയിലും തലവടി പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൻ്റെ മൈതാനത്തും പൊങ്കാല തലേന്നു മുതൽ താല്കാലിക ഡിപ്പോയുടെ പ്രവർത്തനം സജ്ജമാക്കുമെന്ന് കെ.എസ്.ആർ.ടി.സി അറിയിച്ചു.
പൊങ്കാല കലങ്ങൾ നിരക്കുന്ന റോഡുകൾ, ഗ്രാമീണ പാതകൾ എന്നിവിടങ്ങളിലെ പുല്ലുകളും കാടുകളും വെട്ടിമാറ്റി വൃത്തിയാക്കാനും ഡിസംബർ 12, 13 തീയതികളിൽ പൊങ്കാല വീഥികളിലെ മത്സ്യ-മാംസ മാർക്കറ്റിന്റെ പ്രവർത്തനം നിർത്തിവെയ്ക്കാൻ വേണ്ട നടപടി സ്വീകരിക്കുമെന്നും തദ്ദേശ സ്വയംഭരണ വകുപ്പ് തലത്തിൽ തീരുമാനിച്ചു. കുടിവെളളത്തിനാവശ്യമായ ക്രമീകരണങ്ങൾ ഒരുക്കുന്നതിൻ്റെ ഭാഗമായി പൊങ്കാല വീഥികളിൽ താല്കാലിക കിയോസ്ക്കുകൾ സ്ഥാപിച്ച് കുടിവെള്ളം എത്തിക്കുെമെന്ന് എടത്വാ ജല അതോറിറ്റി ഉദ്യോഗസ്ഥർ ഉറപ്പ് നൽകി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഭക്ഷണ സാധനങ്ങളുടെ ഗുണനിലവാരം പരിശോധിക്കാൻ പ്രത്യേക സ്ക്വാഡ് രൂപീകരിക്കുമെന്ന് ആരോഗ്യ വകുപ്പും നദികളിൽ കുളിക്കാനിറങ്ങുന്നവരുടെ സുരക്ഷിതത്വം ഉറപ്പ് വരുത്താനുള്ള നടപടി സ്വീകരിക്കുമെന്ന് ഫയർഫോഴ്സും അറിയിച്ചു.
പൊങ്കാല ദിനത്തിൽ നിർദ്ദിഷ്ട സ്ഥലങ്ങളിലെ മദ്യഷാപ്പുകളും ബ്യൂവറേജസ് ഔട്ട്ലെറ്റും അടച്ചിടുന്നതിന് പിന്നാലെ അനധികൃത മദ്യവിൽപ്പനയ്ക്കെതിരെ സമഗ്ര അന്വഷണം നടത്താണമെന്ന് ക്ഷേത്ര ഭാരവാഹികൾ ബന്ധപെട്ട വകുപ്പുകളെ അറിയിച്ചു.
തലവടി, നെടുമ്പ്രം, തിരുവൻവണ്ടൂർ പഞ്ചായത്ത് പ്രസിഡന്റുമാരായ ഗായത്രി ബി. നായർ, റ്റി. പ്രസന്നകുമാരി, സജി, നെടുമുടി, പുളിക്കീഴ് സി.ഐമാരായ നൗഫൽ, അജികുമാർ, എടത്വാ എസ്.ഐ എൻ. രാജേഷ്, ജില്ല പഞ്ചായത്ത് വികസനകാര്യ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർപേഴ്സൺ ബിനു ഐസക് രാജു, തലവടി വില്ലേജ് ഓഫീസർ റജി പോൾ, മേൽശാന്തിമാരായ അശോകൻ നമ്പൂതിരി, രഞ്ജിത്ത് ബി. നമ്പൂതിരി, ദുർഗ്ഗാദത്തൻ നമ്പൂതിരി, ബ്ലോക്ക് പഞ്ചായത്ത് അംഗം അജിത്ത് പിഷാരത്ത്, തലവടി ഗ്രാമ പഞ്ചായത്ത് വൈ. പ്രസിഡൻ്റ് ജോജി എബ്രഹാം, സ്ഥിരം സമതി അധ്യക്ഷരായ കൊച്ചുമോൾ ഉത്തമൻ, സുജി സന്തോഷ്, ഉത്സവകമ്മറ്റി പ്രസിഡന്റ് സ്വാമിനാഥൻ എന്നിവർ പ്രസംഗിച്ചു.
ഡിസംബ 13 ന് പ്രസിദ്ധമായ കാർത്തിക പൊങ്കാല നടക്കും. കേന്ദ്ര പെട്രോളിയം – ടൂറിസം വകുപ്പ് മന്ത്രി സുരേഷ് ഗോപി പൊങ്കാല ഉദ്ഘാടനം ചെയ്യും. രാധിക സുരേഷ് ഗോപി മുഖ്യതിഥ്യം സ്വീകരിക്കും. മാനേജിംങ് ട്രസ്റ്റി മണിക്കുട്ടൻ നമ്പൂതിരി അധ്യക്ഷത വഹിക്കും. മുഖ്യകാര്യദർശി രാധാക്യഷ്ണൻ നമ്പുതിരി അനുഗ്രഹ പ്രഭാഷണം നടത്തും. വൈകിട്ട് 6.30 ന് പശ്ചിമ ബംഗാൾ ഗവർണർ സി.വി ആനന്ദബോസ് ഐ.എ.എസ് കാർത്തിക സ്തംഭത്തിൽ അഗ്നി പകരും.