ചെങ്ങന്നൂര്‍: പ്രണയം നടിച്ച് യുവതിയെ കാറില്‍ കയറ്റിക്കൊണ്ടുവന്ന് ചെങ്ങന്നൂര്‍ ടൗണില്‍ ഇറക്കിവിട്ട് യുവതിയുടെ 18000 രൂപ വില വരുന്ന മൊബൈല്‍ ഫോണും 2000 രൂപയും പിടിച്ചു പറിച്ചു. ഈ മാസം 21ന് തിരുവല്ല കവിയൂര്‍ ഭാഗത്ത് ഹോം നഴ്സായി ജോലി ചെയ്തിരുന്ന വീട്ടില്‍ നിന്നും സ്വന്തം വീട്ടിലേക്ക് പോകുവാന്‍ ബസ് കാത്തു നിന്നിരുന്ന കൊല്ലം കടയ്ക്കല്‍ സ്വദേശിയായ യുവതിയെയാണ് പ്രതി തന്റെ കാറില്‍ തിരുവല്ല ബസ് സ്റ്റാന്‍ഡില്‍ വിടാമെന്ന് വാഗ്ദാനം നല്കി കയറ്റിയത്.
പുറകിലെ സീറ്റില്‍ കയറാന്‍ ശ്രമിച്ച യുവതിയെ നിര്‍ബന്ധിച്ച് കാറിന്റെ മുന്‍സീറ്റില്‍ കയറ്റിയ ശേഷം തിരുവല്ലയിലിറക്കാതെ തന്ത്രപൂര്‍വ്വം കാറില്‍ ചുറ്റിയടിച്ചും പ്രണയം നടിച്ചു കൊണ്ടുനടന്ന ശേഷം തന്ത്രപൂര്‍വ്വം യുവതിയുടെ മൊബൈല്‍ ഫോണും കയ്യിലുണ്ടായിരുന്ന ജോലി ചെയ്തു കിട്ടിയ തുകയായ രണ്ടായിരം രൂപയും പ്രതി കൈക്കലാക്കി. യുവതിയെ ടൗണില്‍ ഒരു ബാര്‍ ഹോട്ടലിനു സമീപമുള്ള ഇടറോഡില്‍ ഇറക്കി വിട്ട ശേഷം കാറോടിച്ച് രക്ഷപ്പെടുകയായിരുന്നു. പ്രതിയെ രണ്ടു നാള് നീണ്ട കഠിനപരിശ്രമത്തിനൊടുവില്‍ ചെങ്ങന്നൂര്‍ പോലീസ് അറസ്റ്റു ചെയ്തു. ചങ്ങനാശ്ശേരി വാഴപ്പള്ളി പടിഞ്ഞാറ് കുമരങ്കരി ആറുപറയില്‍ വീട്ടില്‍ രാജീവ്. എന്‍.ആര് (31) ആണ് പിടിയിലായത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പ്രതിയെ മുന്‍പരിചയമില്ലാത്ത യുവതിയില്‍ നിന്നും ലഭിച്ച നാമമാത്രമായ വിവരങ്ങള്‍ പ്രതിയെ കണ്ടെത്തുന്നതിന് ഒട്ടും പ്രയോജനപ്രദമല്ലാതിരുന്ന സാഹചര്യത്തില്‍ പ്രതിയെ കണ്ടെത്തുക ദുഷ്കരമായിരുന്നു. ചെങ്ങന്നൂര്‍ ടൗണിലെ നിരവധി സ്ഥാപനങ്ങളിലെയും മറ്റും സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് സംശയകരമായി തോന്നിയ വാഹനങ്ങളൊന്നൊന്നായി പരിശോധിച്ച് സ്ഥിരീകരിച്ചാണ് പോലീസ് സംഘത്തിന് പ്രതി ഉപയോഗിച്ച കാർ കണ്ടെത്തിയത്. ഉടമയില്‍ നിന്നും കാര്‍ വാടകയ്ക്കെടുത്തിരുന്ന ആളിന്റെ പക്കല്‍ നിന്നുമാണ് പ്രതി കാര്‍ എടുത്തുകൊണ്ടു വന്നത്. മൊബൈല്‍ ഫോൺ ഉപയോഗിക്കാത്തതിനാല്‍ പ്രതിയെ കണ്ടെത്തുക കൂടുതല്‍ ദുഷ്കരമായിരുന്നു.
പ്രതിയെ തേടി തുടര്‍ച്ചയായ രണ്ടു ദിവസം അലഞ്ഞശേഷമാണ് പോലീസ് സംഘത്തിന് തിങ്കളാഴ്ച കാലത്ത് പന്തളം ചേരിക്കല്‍ ഭാഗത്തു നിന്നും പ്രതിയെ വാഹനം സഹിതം പിടികൂടാന്‍ കഴിഞ്ഞത്. യുവതിയുടെ കയ്യില്‍ നിന്നും പിടിച്ചുപറിച്ച മൊബൈല്‍ ഫോൺ പ്രതി ഒരു കടയില്‍ വിറ്റിരുന്നു. കൃത്യത്തിനുപയോഗിച്ച ചങ്ങനാശ്ശേരി രജിസ്ട്രേഷനുള്ള ബ്രെസ്സ കാര്‍ പിടിച്ചെടുത്ത് കേസിലുള്‍പ്പെടുത്തി കോടതിയിൽ നല്കി.
ചെങ്ങന്നൂര്‍ ഡി.വൈ.എസ്.പി. ബിനുകുമാര്‍ എം.കെ യുടെ നിയന്ത്രണത്തിലുള്ള പോലീസ് സംഘത്തില്‍ ഇന്‍സ്പെക്ടര്‍ എസ്എച്ച്ഒ വിപിന്‍ എ സി, സബ്ബ് ഇന്‍സ്പെക്ടര്‍മാരായ ശ്രീജിത്ത്, അനിലാകുമാരി, ശ്രീകുമാര്‍, തോമസ്, അനിൽകുമാ൪, സീനിയര്‍ സിപിഒ മാരായ അനിൽ, സിജു, ഷൈന്‍ കുമാര്‍, സിപിഒ മാരായ അനീസ്, ജിജോ സാം, ജിന്സണ്, പ്രവീണ്‍, വിഷ്ണു, രാഹുല്‍ എന്നിവരാണുണ്ടായിരുന്നത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്ത് മാവേലിക്കര സബ് ജയിലില്‍ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.