ആലപ്പുഴ :
മാവേലിക്കരയിൽ മദ്യപിക്കാൻ പണം നല്‍കാത്തതിന് വയോധികയായ മാതാവിനെ ഉപദ്രവിച്ച് അവശയാക്കിയ മകനെ പോലീസ് അറസ്റ്റ് ചെയ്തു. വെട്ടിയാര്‍ വാക്കേലേത്ത് വീട്ടിൽ രാജൻ (48) ആണ് അറസ്റ്റിലായത്. ഇലവുംതിട്ടയിൽ സുഹൃത്തിന്റെ വീട്ടിൽ നിന്നുമാണ് പ്രതിയെ പിടികൂടിയത്. നവംബർ 20ന് വൈകിട്ടോടുകൂടി വെട്ടിയാറുള്ള വീട്ടിൽ വച്ച് പ്രതി അമ്മ ശാന്തയോട് മദ്യപിക്കുവാൻ പണം ആവശ്യപ്പെട്ടു. ഇത് നൽകാത്തതിലുള്ള ദേഷ്യം കാരണം അമ്മയെ അടിക്കുകയും തൊഴിക്കുകയും ചെയ്തു.
തുടര്‍ന്ന് കഴുത്തിനു കുത്തിപ്പിടിച്ച് ശ്വാസം മുട്ടിച്ച് അവശയാക്കിയ ശേഷം ഒളിവിൽ പോകുകയായിരുന്നു. അമ്മ ശാന്തയുടെ പരാതിയിൽ പോലീസ് കേസെടുത്ത് അന്വേഷണം നടത്തി വരവേയാണ് പ്രതിയെ സുഹൃത്തിന്റെ വീട്ടിൽ നിന്നും പിടികൂടിയത്. ചെങ്ങന്നൂര്‍ ഡി വൈ എസ് പി യുടെ നിര്‍ദ്ദേശാനുസരണം കുറത്തികാട് പോലീസാണ് അറസ്റ്റ് ചെയ്തത്. മാവേലിക്കര കോടതിയിൽ ഹാജരാക്കി പ്രതിയെ റിമാൻഡ് ചെയ്തു.