ചമ്പക്കുളം: സംസ്ഥാനത്ത് വള്ളംകളി സീസണിന് തുടക്കമിട്ടുള്ള ചരിത്രപ്രസിദ്ധമായ ചമ്പക്കുളം മൂലം ജലോത്സവത്തില്‍ യുബിസി കൈനകരിയുടെ നടുഭാഗം ചുണ്ടന്‍ ജേതാക്കളായി. രാജപ്രമുഖന്‍ ട്രോഫിയ്ക്കുവേണ്ടിയുള്ള പോരാട്ടത്തില്‍ ചെറുതനയേയും ആയാപറമ്പ് വലിയദിവാന്‍ജിയേയുമാണ് പരാജയപ്പെടുത്തിയത്. രണ്ട് വള്ളപ്പാടിനാണ് നടുഭാഗം വിജയിച്ചത്. ഹീറ്റ്‌സ് മത്സരത്തിലെ ആദ്യപോരാട്ടത്തില്‍ ആയാപറമ്പ് ബോട്ട് ക്ലബ് തുഴഞ്ഞ ആയാപറമ്പ് വലിയ ദിവാന്‍ജി വിജയിച്ചു. കേരള പൊലീസ് തുഴഞ്ഞ ജവഹര്‍ തായങ്കരിയെയാണ് അവര്‍ തോല്‍പ്പിച്ചത്. രണ്ടാം ഹീറ്റ്‌സില്‍ ചെറുതന ചുണ്ടനും മൂന്നാം ഹീറ്റ്‌സില്‍ നടുഭാഗം ചുണ്ടനും വിജയിച്ചു.
ആലപ്പുഴ ജില്ലാ കളക്ടര്‍ ഹരിത വി. കുമാര്‍ പതാക ഉയര്‍ത്തി. കൃഷിമന്ത്രി പി. പ്രസാദ് വള്ളംകളി ഉദ്ഘാടനം ചെയ്തു. തോമസ് കെ. തോമസ് എംഎല്‍എ അധ്യക്ഷത വഹിച്ചു. രാവിലെ 11.30 ന് മഠത്തില്‍ ക്ഷേത്രത്തിലും മാപ്പിളശേരി തറവാട്ടിലും തിരുവിതാംകൂര്‍ ദേവസ്വം അധികൃതര്‍ ചടങ്ങുകള്‍ നടത്തി. വള്ളംകളിയ്ക്കിടയില്‍ വനിതകളുടെ കളിവള്ളം മറിഞ്ഞ് അപകടമുണ്ടായിരുന്നു. വള്ളത്തിലുണ്ടായിരുന്നവരെ ചമ്പക്കളം സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് പ്രാഥമിക ചികിത്സ നല്‍കി. വള്ളത്തിലുണ്ടായിരുന്ന 26 പേരും സുരക്ഷിതരാണ്.