ആലപ്പുഴ:
കുറുവാ സംഘത്തിന്റെ ആക്രമണം എന്ന രീതിയില്‍ സമൂഹ മാധ്യമങ്ങളില്‍ വ്യാജ ദൃശ്യങ്ങള്‍ പ്രചരിക്കുന്നത് സംബന്ധിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു. പ്രചരിക്കുന്ന സിസിടിവി ദൃശ്യത്തിന്റെ വീഡിയോയില്‍ തന്നെ കൃത്യമായി ജൂണ്‍ ആറ് എന്ന തീയതി രേഖപ്പെടുത്തിയിട്ടുണ്ട്. അത് ശ്രദ്ധിക്കാതെ ജനങ്ങള്‍ വീഡിയോ ഷെയര്‍ ചെയ്യുന്നതായി പൊലീസ് പറയുന്നു. കച്ച ബനിയന്‍ ഗ്യാങ് എന്ന പേരില്‍ കുപ്രസിദ്ധി ആര്‍ജിച്ച ഉത്തരേന്ത്യന്‍ മോഷണ സംഘത്തിന്റെ വീഡിയോയാണ് ഇപ്പോള്‍ പ്രചരിക്കുന്നത്. ഇത്തരത്തില്‍ ഒരു സംഭവം ആലപ്പുഴയിലോ കേരളത്തിലോ നടന്നതായി അറിവായിട്ടില്ല.
കര്‍ണാടകയിലെ മൈസൂരുവിലുള്ള ഒരു പ്രദേശത്ത് നടന്ന മോഷണമാണെന്ന രീതിയിലും ഈ വീഡിയോ കര്‍ണാടകയില്‍ പ്രചരിച്ചിരുന്നു.
എന്നാല്‍ മൈസൂര്‍ പൊലീസുമായി ബന്ധപ്പെട്ടപ്പോള്‍ ഇത്തരമൊരു സംഭവം നടന്നതായി അവരും സ്ഥിരീകരിച്ചിട്ടില്ല. അടുത്ത കാലത്തായി ആലപ്പുഴ ജില്ലയില്‍ ചില പ്രദേശങ്ങളില്‍ കുറുവാ സംഘം ഉള്‍പ്പെട്ട മോഷണം നടന്ന വാര്‍ത്തകള്‍ വന്നിരുന്നു. മണ്ണഞ്ചേരി പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ നടന്ന മോഷണവുമായി ബന്ധപ്പെട്ട് സന്തോഷ് സെല്‍വം എന്നയാളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. തുടര്‍ന്ന് എറണാകുളം സിറ്റിയിലുള്ള കുണ്ടന്നൂര്‍ പാലത്തിന്റെ അടിയില്‍ തമ്പടിച്ചിരുന്ന സംഘത്തെ സിറ്റി പൊലീസ് ഒഴിപ്പിച്ചിരുന്നു. ആയതിന് ശേഷം കേരളത്തിലെവിടെയും കുറുവാ മോഷണം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. പൊലീസ് കൂടുതല്‍ കാര്യക്ഷമതയും ജാഗ്രതയും ഇക്കാര്യത്തില്‍ പുലര്‍ത്തുന്നുണ്ട്.