വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് : ഒരു കോടി രൂപ തട്ടിയെടുത്ത രണ്ടു പ്രതികൾ പിടിയിൽ

ആലപ്പുഴ : വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ഒരു കോടിയിലേറെ രൂപ തട്ടിയെടുത്ത ശേഷം ദുബായിൽ ഒളിവിൽ കഴിഞ്ഞ 2 പേരെ പുന്നപ്ര പോലീസ് അറസ്റ്റ് ചെയ്തു. പുറക്കാ‌ട് പഞ്ചായത്ത് 17ാം വാർഡ് പുതുവൽ വിഷ്ണു(32), പുറക്കാട് നടുവിലേപ്പറമ്പ് വീട്ടിൽ ദേവനന്ദു (21) എന്നിവരെയാണ് പിടികൂടിയത്. നൂറിലേറെപ്പേരിൽ നിന്നാണ് ഇവർ ഒരു കോടിയിലേറെ രൂപ തട്ടിയെടുത്തത്. പുന്നപ്ര പോലീസ് സ്റ്റേഷനിൽ ഇവർക്കെതിരെ 6 പരാതികളാണുള്ളത്.

Advertisements

ഹരിപ്പാട്, തൃക്കുന്നപ്പുഴ, എടത്വ, അമ്പലപ്പുഴ സ്റ്റേഷനുകളിൽ ദേവനന്ദുവിനെതിരെ പരാതിയുണ്ട്. വിദേശത്ത് ഒളിവിൽ കഴിഞ്ഞിരുന്ന വിഷ്ണു, ദേവനന്ദു എന്നിവർക്കെതിരെ ജില്ലാ പോലീസ് മേധാവി ലുക്ക് ഔട്ട് സർക്കുലർ പുറപ്പെടുവിച്ചിരുന്നു. പ്രതികൾ തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിയപ്പോൾ എമിഗ്രേഷൻ അധികൃതർ ഇവരെ കസ്റ്റഡിയിൽ എടുത്ത ശേഷം പുന്നപ്ര പോലീസിന് കൈമാറുകയായിരുന്നു. അറസ്റ്റ് ചെയ്ത പ്രതികളെ അമ്പലപ്പുഴ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. പുന്നപ്ര സ്റ്റേഷൻ ഹൗസ് ഓഫീസർ ലൈസാദ് മുഹമ്മദിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തിൽ എസ്ഐ മാരായ ആർ. ആർ. രാകേഷ്, വിനോദ് കുമാർ, എ എസ്ഐ അൻസ്, സിവിൽ പോലീസ് ഓഫിസർമാരായ ഷഫീഖ് മോൻ, മുഹമ്മദ് സഹിൽ എന്നിവരും ഉണ്ടായിരുന്നു.

Hot Topics

Related Articles