അപ്പര്‍ കുട്ടനാട്ടില്‍ ജലനിരപ്പ് ഉയരുന്നു ; അഞ്ച് പഞ്ചായത്തില്‍ വെള്ളക്കെട്ട് രൂക്ഷം : അമ്പലപ്പുഴ – തിരുവല്ല സംസ്ഥാന പാതയും വെള്ളത്തിൽ മുങ്ങി

ആലപ്പുഴ :
കനത്ത മഴയും കിഴക്കൻ വെള്ളത്തിൻ്റെ വരവും വർദ്ധിച്ചതോടെ അപ്പർ കുട്ടനാട്ടിൽ ജലനിരപ്പ് വീണ്ടും ഉയരുന്നു. പമ്പ, മണിമല, അച്ചൻകോവിലാറുകൾ കര കവിഞ്ഞതോടെ നിരവധി വീടുകൾ വെള്ളത്തിൽ മുങ്ങി. കുട്ടനാട്, അപ്പർ കുട്ടനാട് മേഖലയിലെ അഞ്ച് പഞ്ചായത്തുകളിൽ വെള്ളക്കെട്ട് രൂക്ഷമായി. അമ്പലപ്പുഴ – തിരുവല്ല സംസ്ഥാന പാതയും വെള്ളത്തിൽ മുങ്ങി. നെടുമ്പുറത്ത് റോഡിൽ വെള്ളം ഉയർന്നതിനെ തുടർന്ന് കെഎസ്ആർടിസി സർവീസും നിർത്തി. തകഴി കേളമംഗലത്തും റോഡിൽ വെള്ളം കയറിയിട്ടുണ്ട്. മൂന്ന് ദിവസത്തിനുള്ളിൽ പ്രധാന നദികളിലെ ജലനിരപ്പ് അഞ്ചടിയോളം ഉയർന്നിട്ടുണ്ട്. പ്രധാന നദികൾ കരകവിഞ്ഞതോടെ നദീതീര പ്രദേശത്തേയും താഴ്ന്ന പ്രദേശങ്ങളിലേയും വീടുകൾ വെള്ളത്തിൽ മുങ്ങി.

Advertisements

മുട്ടാർ പഞ്ചായത്തിൽ നിരവധി വീടുകളാണ് വെള്ളത്തിലായത്. തലവടി പഞ്ചായത്തിലെ കുന്നുമ്മാടി – കുതിരച്ചാൽ പ്രദേശത്തെ നിരവധി വീടുകളിൽ വെള്ളം കയറി. കാലവർഷം ശക്തി പ്രാപിക്കുന്നതിന് മുൻപേ കുട്ടനാട്ടിൽ ജലനിരപ്പ് ഉയർന്നിരുന്നു. മിക്ക പഞ്ചായത്തിലും ക്യാമ്പുകൾ ആരംഭിച്ചു. തലവടി പഞ്ചായത്തിൽ ചക്കുളത്തുകാവ് ആഡിറ്റോറിയത്തിൽ 15 കുടുംബങ്ങളിൽ നിന്ന് 68 അംഗങ്ങളും, മണലേൽ സ്കൂൾ, തലവടി ഗവ. ഹയർ സെക്കൻഡറി സ്കൂൾ, തകഴിയിൽ തകഴി ദേവസ്വം ബോർഡ് സ്കൂളിൽ 8 കുടുംബങ്ങളിൽ 30 അംഗങ്ങൾ, കരുമാടി ഡി.ബി. എച്ച്, എസിൽ 5 കൂടുംങ്ങളിൽ 23 അംഗങ്ങൾ, മുട്ടാർ പഞ്ചായത്തിൽ മുട്ടാർ സെൻ്റ് ജോർജ് ഹയർ സെക്കൻഡറി സ്കൂളിൽ 15 കുടുംബങ്ങളിൽ 43 അംഗങ്ങൾ, വീയപുരം പഞ്ചായത്തിൽ വീയപുരം ഹയർ സെക്കൻഡറി സ്കൂളിൽ 6 കുടുംബങ്ങൾ 24 അംഗങ്ങൾ, പായിപ്പാട് എൽ.പി സ്കൂൾ 5 കുടുംബങ്ങൾ 11 അംഗങ്ങളും എത്തിയിട്ടുണ്ട്. നിരവധി കുടുംബങ്ങൾ ക്യാമ്പ് തേടി എത്തിക്കൊണ്ടിരിക്കുകയാണ്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

എടത്വയിൽ സെന്റ് അലോഷ്യസ് കോളജിലും ക്യാമ്പ് ആരംഭിച്ചിട്ടുണ്ട് . നിരണം പടിഞ്ഞാറേ ഭാഗം, മുട്ടാർ, തലവടി, എടത്വ, വീയപുരം, തകഴി പഞ്ചായത്തിലാണ് വെള്ളക്കെട്ട് രൂക്ഷമായിരിക്കുന്നത്.
കുട്ടനാട്ടിലെ പ്രധാന പാതകൾ ഉൾപ്പെടെ ഇടറോഡുകൾ വെള്ളത്തിൽ മുങ്ങി. തായങ്കരി – കൊടുപ്പുന്ന റോഡിൽ വേഴപ്ര കുരിശടിക്ക് സമീപത്തും പടപ്പിൽ മുട്ട് ഭാഗത്തും, നീരേറ്റുപുറം – കിടങ്ങറാ റോഡിൽ മുട്ടാർ ജംഗ്ഷനു സമീപത്തും വെള്ളം കയറിയിട്ടുണ്ട്. അമ്പലപ്പുഴ – തിരുവല്ല സംസ്ഥാന പാതയും എ. സി റോഡും തമ്മിൽ ബന്ധിപ്പിക്കുന്ന കെഎസ്ആർടിസി സർവ്വീസുകളും ഹരിപ്പാട് – എടത്വ സർവ്വീസുകളും നിർത്തിവെച്ചിരിക്കുകയാണ്. തലവടി കോടമ്പനാടി ഭാഗം ഏറെക്കുറെ മുങ്ങിയ അവസ്ഥയാണ്. നദീതിരങ്ങളിലും പാടശേഖര നടുവിലും താമസിക്കുന്നവർ ഒറ്റപ്പെട്ട അവസ്ഥയിലാണ്. കിഴക്കൻ വെള്ളത്തിൻ്റെ വരവ് നിലയ്ക്കാത്തതും കനത്ത മഴയും ആശങ്ക കൂട്ടുകയാണ്.

Hot Topics

Related Articles