ആലപ്പുഴ :
എടത്വ പച്ച – ചെക്കിടിക്കാട് ലൂര്‍ദ് മാതാ ഹയര്‍സെക്കണ്ടറിയിലെ വിദ്യാര്‍ത്ഥികള്‍ എടത്വ ഗ്രാമപഞ്ചായത്തിന് പുതിയ പൂന്തോട്ടം നിര്‍മ്മിച്ചു നല്‍കി. സ്‌കൂളിലെ എന്‍ എസ് എസ് വിദ്യാര്‍ത്ഥികളുടെ സപ്തദിന ക്യാമ്പിന്റെ ഭാഗമായി നടക്കുന്ന സ്‌നേഹാരാമം പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് എടത്വ ഗ്രാമപഞ്ചായത്തിന്റെ പിന്‍ഭാഗത്ത് സുന്ദരമായ പൂന്തോട്ടം നിര്‍മിച്ചു നല്‍കിയത്. സ്‌കൂള്‍ ഫണ്ട് ഉപയോഗിച്ച് അധ്യാപകരുടെ നേതൃത്വത്തില്‍ 50 കുട്ടികള്‍ കാട് പിടിച്ചു കിടന്ന സ്ഥലം വൃത്തിയാക്കി നാല് ദിവസത്തോളം പണിതാണ് പൂന്തോട്ടം നിര്‍മ്മിച്ചത്. 50 ചെടിചട്ടികളിലും അല്ലാതെയും നിരവധി ചെടികള്‍ പുന്തോട്ടത്തില്‍ നട്ട് പിടിപ്പിച്ചിട്ടുണ്ട്.
ഗ്രാമപഞ്ചായത്തിനു പുന്തോട്ടം കൈമാറല്‍ ചടങ്ങ് പ്രിന്‍സിപ്പല്‍ തോമസ്‌കുട്ടി മാത്യം ചീരംവേലില്‍ ഗ്രാമപഞ്ചായത്ത് അംഗം ജയിന്‍ മാത്യുവിനു നല്‍കി നിര്‍വഹിച്ചു. പ്രോഗ്രാം ഓഫീസര്‍ ഷിജോ സേവ്യര്‍ കല്ലുപുരയ്ക്കല്‍, അധ്യാപകരായ ജിജാ കുര്യാക്കോസ്, റൂബിന്‍ തോമസ് കളപ്പുര, എന്‍എസ്എസ് ലീഡര്‍ അതുല്യാ മേരി ജോസഫ് എന്നിവര്‍ പ്രസംഗിച്ചു.