ആലപ്പുഴ :
എടത്വയിൽ ഹരിത കര്‍മ്മ സേനാംഗങ്ങള്‍ വിമാനയാത്രയ്ക്ക് തയ്യാറെടുക്കുന്നു. മുട്ടാര്‍ ഗ്രാമപഞ്ചായത്ത് ഹരിത കര്‍മ്മ സേനാംഗങ്ങളാണ് ബാംഗ്ലൂര്‍ക്ക് വിമാനയാത്രയ്ക്ക് തയ്യാറെടുക്കുന്നത്. മാതൃകാപരമായ പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെച്ച് സംസ്ഥാനത്ത് മികച്ച പഞ്ചായത്തിനുള്ള രണ്ടാം സ്ഥാനം നേടിയ പഞ്ചായത്താണ് മുട്ടാര്‍ ഗ്രാമപഞ്ചായത്ത്. മാലിന്യമുക്ത നവ കേരളത്തിന്റെ ഭാഗമായി ഹരിത കര്‍മ്മ സേന നടത്തിയ പ്രവര്‍ത്തനങ്ങളുടെ കൂടെ ഭാഗമായിട്ടാണ് ഈ അവാര്‍ഡ് കരസ്ഥമാക്കിയത്. ഇതിന്റെ ഭാഗമായി ഹരിത കര്‍മ്മ സേനയുടെ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ആദരവ് നല്‍കുക എന്ന ലക്ഷ്യത്തോടുകൂടിയിട്ടാണ് ബാംഗ്ലൂര്‍ വിമാന യാത്ര പഞ്ചായത്തിന്റെ നേതൃത്വത്തിന് ഒരുക്കുന്നത്.
മേയ് മൂന്നിന് എസി ട്രെയിനില്‍ ബാംഗ്ലൂര്‍ എത്തുകയും ബാംഗ്ലൂരിലെ പ്രധാന സ്ഥലങ്ങള്‍ സന്ദര്‍ശിച്ച് തിരികെ വൈകുന്നേരം 8 മണിക്ക് നെടുമ്പാശ്ശേരിക്കുള്ള ഇന്‍ഡിഗോ എയര്‍വേസിലാണ് ഹരിത കര്‍മ്മ സേനാംഗങ്ങള്‍ യാത്ര ചെയ്ത് തിരികെ വരുന്നത്. ഹരിത കര്‍മ്മ സേനയോടൊപ്പം പ്രസിഡന്റ് കെ സുരമ്യ, വൈസ് പ്രസിഡന്റ് ബോബന് ജോസ്, സെക്രട്ടറി ബിനു ഗോപാല്‍ സിഡിഎസ് ചെയര്‍പേഴ്സണ്‍ ജയ സത്യന് എന്നിവര്‍ യാത്രയില്‍ പങ്കുചേരും. ഏറ്റവും പ്രായമുള്ള 74 വയസ്സുള്ള പത്മിനിയും പ്രായം കുറഞ്ഞ 34 വയസ്സുള്ള വിനീതയും അടക്കം 24 ഹരിത കര്‍മ്മ സേനാംഗങ്ങള്‍ ആണ് യാത്രയില്‍ പങ്കുചേരുന്നത്.