ആലപ്പുഴ: സര്‍ക്കാരിനേയും മന്ത്രി സജി ചെറിയാനേയും പ്രശംസിച്ച് കൊടിക്കുന്നില്‍ സുരേഷ് എംപി. നാടിന് എന്തൊക്കെ ഇല്ലാതായിരുന്നോ ആ അവസ്ഥയില്‍ നിന്ന് എല്ലാം നേടുന്ന കാലത്തിലാണ് നാം കടന്നുപോകുന്നതെന്ന് കൊടിക്കുന്നില്‍ സുരേഷ് എംപി പറഞ്ഞു. ചെങ്ങന്നൂര്‍ വിദ്യാഭ്യാസ സമുച്ചയത്തിന്റെ ഉദ്ഘാടന വേദിയിലാണ് സര്‍ക്കാരിനെ പ്രശംസിച്ച് എംപി രംഗത്തെത്തിയത്.
പുതിയ റോഡുകള്‍, പാലങ്ങള്‍, വൈദ്യുതി ഭവന്‍, ആശുപത്രി കെട്ടിടം എന്നിവയടക്കം വികസനത്തില്‍ ചെങ്ങന്നൂര്‍ വളരെ മുന്നേറുന്ന സാഹചര്യമാണ്. മറ്റ് സ്ഥലങ്ങളില്‍ എല്ലാം കിട്ടുന്നുവെന്ന് പരിതപിക്കാതെ ചെങ്ങന്നൂരിന് എല്ലാമായെന്നതില്‍ സന്തോഷമുണ്ട്. വികസന കാര്യങ്ങളില്‍ സജി ചെറിയാനൊപ്പമെത്താന്‍ ആര്‍ക്കും കഴിയില്ല. താന്‍ ഒന്ന് ശ്രമിച്ചുനോക്കിയെങ്കിലും നടന്നില്ലെന്നും എംപി പറഞ്ഞു.
ഉദ്യോഗസ്ഥരെകൊണ്ട് കാര്യങ്ങള്‍ ചെയ്യിപ്പിക്കാനുള്ള അസാമാന്യകഴിവാണ് സജി ചെറിയാന്. കേരളത്തില്‍ ഏറ്റവും കൂടുതല്‍ വികസന പ്രവര്‍ത്തനം നടക്കുന്ന മണ്ഡലങ്ങളില്‍ ഒന്നായി ചെങ്ങന്നൂര്‍ മാറി. മിക്കവാറും എല്ലായിടത്തും കല്ലിട്ടുകഴിഞ്ഞു. വികസന പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുന്നതിന് ഉണ്ടാവുന്ന കാലതാമസത്തിന് ഉദ്യോഗസ്ഥരെ മാത്രം പഴിക്കാതെ അത് പൂര്‍ത്തിയാക്കാനുള്ള ആര്‍ജവം ജനപ്രതിനിധികള്‍ കാണിക്കണമെന്നും അദ്ദേഹം പറഞ്ഞു. മന്ത്രി സജി ചെറിയാന്‍, പി സി വിഷ്ണുനാഥ് എംഎല്‍എ എന്നിവരുടെ സാന്നിധ്യത്തിലാണ് എംപിയുടെ പരാമര്‍ശം.