ആലപ്പുഴ : കലിതുള്ളിയെത്തിയ കാലവർഷം കുട്ടനാടിനെ മുക്കിയെങ്കിലും ഇന്നലെ ഉച്ചകഴിഞ്ഞ് മുതൽ മഴയ്ക്ക് ശമനം. മഴ വിട്ടുനിന്നെങ്കിലും അപ്പർ കുട്ടനാട്ടിൽ ജലനിരപ്പിന് കാര്യമായ മാറ്റമില്ലെങ്കിലും ചെറിയ രീതിയിൽ താഴ്ന്നു തുടങ്ങിയിട്ടുണ്ട്. ആറ് ദിവസമായി പെയ്യുന്ന കനത്ത മഴയിലും കിഴക്കൻ വെള്ളത്തിൻ്റെ കുത്തൊഴുക്കിലും അപ്പർ കുട്ടനാട് മേഖലയിലെ ജലനിരപ്പ് അപകട നിലയിൽ എത്തിയിരുന്നു. പമ്പാ, മണിമല, അച്ചൻകോവിലാറുകൾ കര കവിഞ്ഞതോടെ ഒട്ടുമിക്ക പഞ്ചായത്തുകളും വെള്ളത്തിൽ മുങ്ങി. നൂറുകണക്കിന് വീടുകളിലാണ് വെള്ളം കയറിയത്. വെള്ളിയാഴ്ച രാവിലെ മുതൽ മിക്ക പഞ്ചായത്തിലും ദുരിതാശ്വസ ക്യാമ്പുകൾ ആരംഭിച്ചിരുന്നു. വൈകിട്ടോടെ നിരവധി കുടുംബങ്ങളാണ് ക്യാമ്പുകളിൽ എത്തിയത്. ഇന്നലെ രാവിലെയും നിരവധി കുടുംബങ്ങൾ ക്യാമ്പുകളിൽ എത്തിയിരുന്നു. നൂറുകണക്കിന് കുടുംബങ്ങൾ രണ്ട് ദിവസമായി ബന്ധുവീടുകളിൽ അഭയം തേടുന്നുണ്ട്.
വെള്ളിയാഴ്ച രാത്രി മുതൽ ഇന്നലെ ഉച്ചവരെ തോരാതെ മഴ പെയ്തിരുന്നു. ഉച്ചയോടു കൂടിയാണ് മഴയ്ക്ക് ശമനമുണ്ടായത്. കിഴക്കൻ മേഖലയിൽ നിന്ന് ഒഴുകിയെത്തുന്ന വെള്ളം കടലിലേയ്ക്ക് ഒഴിഞ്ഞു പോകാനുള്ള കാലതാമസമാണ് ജനിരപ്പിന് കാര്യമായ മാറ്റം സംഭവിക്കാഞ്ഞത്. മഴയുടെ തീവ്രത കുറഞ്ഞതിനാൽ ജലനിരപ്പ് കാര്യമായി കുറയുമെന്നാണ് കുട്ടനാട്ടുകാരുടെ പ്രത്യാശ. തോട്ടപ്പള്ളി പൊഴി മുറിക്കൽ സമയബന്ധിതമായി പൂർത്തിയാക്കാത്തതാണ് അപ്പർ കുട്ടനാട്ടിലെ ജലനിരപ്പിന് മാറ്റമില്ലാതെ തുടരുന്നത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
മുട്ടാർ, തലവടി, എടത്വ, വീയപുരം, തകഴി പഞ്ചായത്തിലാണ് കാര്യമായ ദുരിതം നേരിടേണ്ടി വന്നത്. കാലവർഷം എത്തും മുൻപേ വീശിയടിച്ച ശക്തമായ കാറ്റിൽ അപ്പർ കുട്ടനാട്ടിൽ നൂറിലേറെ വീടുകൾ തകർന്നിരുന്നു. 25 ഓളം വീടുകൾ താമസ യോഗ്യമല്ലാത്ത നിലയിലുമായി.