ആലപ്പുഴ : കുട്ടനാട്ടിലെ താറാവ് കര്‍ഷകരുടെ ആശങ്കകള്‍ പരിഹരിക്കണമെന്ന് കൊടിക്കുന്നില്‍ സുരേഷ് എം പി. കുട്ടനാട്ടിലെ പക്ഷിപ്പനി സംബന്ധിച്ച് വിദഗ്ധ സമിതി നല്കിയ റിപ്പോര്‍ട്ട് വസ്തുത വിരുദ്ധമാണെന്ന് കുട്ടനാട് തലവടിയില്‍ താറാവ് കര്‍ഷകരുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം കൊടിക്കുന്നില്‍ സുരേഷ് അഭിപ്രായപ്പെട്ടു. രോഗമുള്ള താറാവിനെ മാത്രം കൊല്ലുന്നതിനു പകരം രോഗമില്ലാത്ത താറാവുകളെ അടക്കം കൊല്ലുന്നത് പ്രാകൃത നടപടിയും കുട്ടനാട്ടിലുള്ള ആയിരക്കണക്കിന് താറാവ് കര്‍ഷകരുടെ ഉപജീവനമാര്‍ഗ്ഗം ഇല്ലാതാക്കുന്ന നടപടിയും ആണെന്ന് അദ്ദേഹം ആരോപിച്ചു.
പക്ഷിപ്പനി മൂലം ഉപജീവനമാര്‍ഗ്ഗം നഷ്ടപ്പെട്ട കര്‍ഷകരുടെ സാമ്പത്തിക ബാധ്യതകള്‍ എഴുതി തള്ളണമെന്നും താറാവുകള്‍ക്ക് രോഗം വരാതിരിക്കാനുള്ള മരുന്നുകള്‍ സര്‍ക്കാര്‍തലത്തില്‍ വിതരണം ചെയ്യണമെന്നും താറാവിനുള്ള തീറ്റ സബ്സിഡിയായി സര്‍ക്കാര്‍ നല്‍കണമെന്നും കൊടിക്കുന്നില്‍ ആവശ്യപ്പെട്ടു. അടുത്തയാഴ്ച മുഖ്യമന്ത്രി വിളിച്ചു ചേര്‍ക്കുന്ന എം പി മാരുടെ യോഗത്തില്‍ കുട്ടനാട്ടിലെ താറാവ് കര്‍ഷകരുടെ പ്രശ്നങ്ങള്‍ ഉന്നയിക്കുമെന്നും താറാവ് കര്‍ഷകരുമായുള്ള കൂടിക്കാഴ്ചയില്‍ അദ്ദേഹം അറിയിച്ചു. ഐക്യ താറാവ് കര്‍ഷക സംഘം ആലപ്പുഴ ജില്ല സെക്രട്ടറി കെ സാമുവല്‍, താറാവ് കര്‍ഷകരായ നിധിന് മാതു, പുഷ്പ കുട്ടപ്പന്, കെ വി മാത്യുള്ള, കെ വി വര്‍ഗീസ്, ചന്ദ്രന് ദാമോദരന്‍, പി വി സാമുവേല്‍, സജന് പി വര്‍ഗീസ്, രാജു തോമസ്, ഗീവര്‍ഗീസ് നൈനാപാടം, ഡിസിസി വൈസ് പ്രസിഡന്റ് സജി ജോസഫ്, മണ്ഡലം പ്രസിഡന്റുമാരായ ജോയി ചക്കനാട്, വര്‍ഗിസ് കോലത്തുപറമ്പില്‍, ജനപ്രധിനിധികളായ അജിത് കുമാര്‍ പിഷാരത്, സുജാ സ്റ്റിഫന്‍ അലക്സ്, തങ്കച്ചന് അട്ടിപറമ്പില്, പാപ്പച്ചന് എക്കപ്പുറം, സിബി പാണ്ടിയില്‍, അലക്സ് മാത്യൂസ് എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.