കാറ്റിലും മഴയിലും മരങ്ങള്‍ കടപുഴകി വീണ് ആറ് വീടുകള്‍ തകര്‍ന്നു

ആലപ്പുഴ : എടത്വയിൽ ഇന്ന് ഉണ്ടായ ശക്തമായ കാറ്റിലും മഴയിലും മരങ്ങള്‍ കടപുഴകി വീണ് ആറ് വീടുകള്‍ തകര്‍ന്നു. വീയപുരത്ത് അഞ്ചു വീടുകള്‍ക്ക് നാശനഷ്ടമുണ്ടായി. ഒരു ചെറുവള്ളത്തിന്റെ മുകളില്‍ മരം വീണ് വള്ളം തകര്‍ന്നു. കരകൃഷിയിലും വ്യാപകനഷ്ടമുണ്ടായി. പലരുടേയും ഏത്തവാഴ കൃഷി നിലംപൊത്തി. വീയപുരം 13-ാം വാര്‍ഡില്‍ താമല്ലൂര്‍ കൈമ്മൂട്ടിവീട്ടില്‍ ആനന്ദവല്ലിയുടെ വീടീന് മുകളില്‍ ആഞ്ഞിലിമരം വീണ് മേല്‍ക്കൂര പൂര്‍ണ്ണമായി നശിച്ചു. ആനന്ദവല്ലിയുടെ മകള്‍ വീട്ടില്‍ പാചകംചെയ്തുകൊണ്ടിരിക്കെയാണ് മരംവീണത്. ആര്‍ക്കും അപകടമില്ല. വൈഷണവത്തില്‍ പ്രസന്നകുമാര്‍, ഏഴാം വാര്‍ഡില്‍ മലാല്‍ വീട്ടില്‍ സണ്ണി, 12-ാം വാര്‍ഡില്‍ വൃന്ദാവനത്തില്‍ ബാലസുന്ദരം, 6-ാംവാര്‍ഡില്‍ കന്നിമേല്‍ തറയില്‍ ചന്ദ്രന്‍, തകഴി പഞ്ചായത്ത് ആറാം വാര്‍ഡില്‍ വിരുപ്പാല തെക്കേനാലുപറയില്‍ സുധിഷ് കുമാര്‍ എന്നിവരുടെ വീടിന് മുകളില്‍ മരം വീണ് വീടിന് നാശനഷ്ടമുണ്ടായി. സുധിഷ് കുമാറിന്റെ വീടിന് സമീപത്ത് നിന്ന മാവ്, പുളി, അടയ്ക്കാമരം എന്നിവ വീടിന് മുകളിലേക്ക് വീണതിനെ തുടര്‍ന്ന് വീടിന്റെ മേല്‍ക്കൂര പൂര്‍ണ്ണമായി തകര്‍ന്നു. വരാന്തയില്‍ നിന്നിരുന്ന വീട്ടുകാര്‍ മരം വീഴുന്നതു കണ്ട് ഓടിമാറിയതിനാല്‍ വന്‍ അപകടം ഒഴിവായി. ഇലക്ട്രിക് – ഇലക്ട്രോണിക്ക് ഉപകരണങ്ങള്‍ക്കും, വീട്ടുപകരണങ്ങള്‍ക്കും കേടുപാട് സംഭവിച്ചിട്ടുണ്ട്. വീയപുരത്ത് കരിപ്പോലിക്കാട്ടില്‍ ആനന്ദന്റെ ചെറുവള്ളത്തിന് മുകളില്‍ വാഗമരം വീണ് വള്ളം പൊട്ടി തകര്‍ന്നു.

Advertisements

Hot Topics

Related Articles