സ്വരാജ് ട്രോഫി : ആലപ്പുഴ ജില്ലയിലെ ഒന്നാം സ്ഥാനം മുട്ടാർ പഞ്ചായത്തിന്

സ്വരാജ് ട്രോഫി ജില്ലയിൽ ഒന്നാം സ്ഥാനം മുട്ടാർ പഞ്ചായത്തിന് ലഭിച്ചു. 2021-22 വർഷത്തെ ഭരണം, റവന്യൂ സമാഹരണം, ആസൂത്രണം, ജനപങ്കാളിത്തം, സാമൂഹിക സുരക്ഷാ പെൻഷൻ വിതരണം തുടങ്ങിയവയിലെ മികച്ച പ്രവർത്തനങ്ങളെ പരിഗണിച്ചാണ് മുട്ടാർ പഞ്ചായത്തിനെ തെരഞ്ഞെടുത്തത്.
സംസ്ഥാന സര്‍ക്കാരിന്റെ മാതൃകയില്‍ ഗ്രാമപഞ്ചായത്തില്‍ ഗ്രാമ സ്പര്‍ശം പരിപാടി ആസൂത്രണം ചെയ്ത് നടപ്പിലാക്കിയത് മുട്ടാറിന് വലിയ നേട്ടമായി. 13 വാര്‍ഡുകളിലെയും മെമ്പര്‍മാര്‍, പൊലീസ്, എക്സൈസ് ഉദ്യോഗസ്ഥര്‍, ലീഗല്‍ സര്‍വീസ് അതോറിറ്റി, മറ്റു നിര്‍വഹണ ഉദ്യോഗസ്ഥര്‍, ബാങ്ക് പ്രതിനിധികള്‍, സാമൂഹികക്ഷേമ വിഭാഗം ജീവനക്കാര്‍ എന്നിവരെയെല്ലാം ചേര്‍ത്ത് നേരിട്ട് പരാതികള്‍ കേള്‍ക്കുന്ന സംവിധാനമാണ് പഞ്ചായത്ത് വിജയകരമായി നടപ്പാക്കിയത്. മിക്ക പരാതികള്‍ക്കും അവിടെവച്ച് തന്നെ പരിഹാരം കാണാനായി. കൂടാതെ ഭിന്നശേഷി സൗഹൃദ പഞ്ചായത്ത്, വയോജന സൗഹൃദ പഞ്ചായത്ത്, കൃഷി സൗഹൃദ പഞ്ചായത്ത്, സ്ത്രീ സൗഹൃദ പഞ്ചായത്ത് എന്നീ നേട്ടങ്ങളും പഞ്ചായത്തിന് തുണയായി. ദുര്‍ബലവിഭാഗങ്ങള്‍ക്ക് വേണ്ടി പ്രത്യേക ഗ്രാമസഭ ഉള്‍പ്പെടെ സംഘടിപ്പിച്ച് പദ്ധതികള്‍ ആസൂത്രണം ചെയ്തു നടപ്പിലാക്കിയെന്ന് പഞ്ചായത്ത് പ്രസിഡന്റ് ലിനി ജോളി പറഞ്ഞു.
ഹരിത കര്‍മ്മ സേനയുടെ മെറ്റീരിയല്‍ കളക്ഷന്‍ സെന്ററിലേക്ക് പരമാവധി പ്ലാസ്റ്റിക്കുകള്‍ ശേഖരിച്ച് എത്തിക്കുകയും 100% യൂസര്‍ ഫീ ഉറപ്പാക്കുകയും ചെയ്തിട്ടുണ്ട്. റോസ്ഗാര്‍ ദിനം ആചരിച്ചു കൊണ്ട് പാതയോരങ്ങള്‍ വൃത്തിയാക്കുന്ന പദ്ധതിയും പഞ്ചായത്ത് നടപ്പിലാക്കി. സെക്രട്ടറി ബിനു ഗോപാല്‍ ആണ് പഞ്ചായത്തിലെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയത്. ഗ്രാമ പഞ്ചായത്തുകള്‍ക്കുള്ള സ്വരാജ് ട്രോഫി 2021-22 അവാര്‍ഡ് നിശ്ചയിക്കുന്നതിനുള്ള സംസ്ഥാന തല സമിതിയുടെ ശുപാര്‍ശപ്രകാരമാണ് പുരസ്‌കാരം പ്രഖ്യാപിച്ചത്.
പഞ്ചായത്ത് ദിനമായ ഫെബ്രുവരി 19 -ന് പാലക്കാട് വെച്ച് നടക്കുന്ന സംസ്ഥാനതല തദ്ദേശ സ്വയംഭരണ ദിനാഘോഷ ചടങ്ങിൽ വെച്ച് സ്വരാജ് ട്രോഫി വിതരണം ചെയ്യും.

Advertisements

Hot Topics

Related Articles