അപ്പര്‍ കുട്ടനാട്ടില്‍ ജലനിരപ്പ് ഉയരുന്നു : റോഡുകള്‍ മുങ്ങിയ നിലയിൽ ; വീടുകളിലും വെള്ളം കയറി

ആലപ്പുഴ : കനത്ത മഴയില്‍ അപ്പര്‍ കുട്ടനാട്ടില്‍ ജലനിരപ്പ് ഉയര്‍ന്ന് കൊണ്ടിരിക്കുകയാണ്. നിരവധി റോഡുകള്‍ വെള്ളത്തിനടിയിലായി. വീടുകളിലും വെള്ളം കയറി കൊണ്ടിരിക്കുകയാണ്. മുട്ടാര്‍, നിരണം, തലവടി, എടത്വ, തകഴി, വീയപുരം പഞ്ചായത്തിലാണ് ജലനിരപ്പ് ഉയര്‍ന്നത്. തലവടി പഞ്ചായത്തിലെ നിരവധി വീടുകള്‍ വെള്ളത്തില്‍ മുങ്ങി. തലവടി, കുന്നുമ്മാടി കുതിരച്ചാല്‍, മണലേല്‍, വേദവ്യാസ സ്‌ക്കൂള്‍, മുരിക്കോലിമുട്ട്, പ്രിയദര്‍ശിനി, നാരകത്തറമുട്ട്, പൂന്തുരുത്തി, മുട്ടാര്‍, കളങ്ങര, ചൂട്ടുമാലില്‍ എന്നിവിടങ്ങളിലാണ് വെള്ളപ്പൊക്കം മൂലം ദുരിതം ഏറെ അനുഭവിക്കുന്നത്.

Advertisements

നീരേറ്റുപുറം-മുട്ടാര്‍- കിടങ്ങറ റോഡില്‍ വെള്ളം കയറി. മുട്ടാര്‍ സൗഹ്യദയ ജംഗ്ഷന്‍, മുട്ടാര്‍ സെന്റ് ജോര്‍ജ് പള്ളിയുടെ മുന്‍വശം എന്നീ പ്രദേശങ്ങളിലാണ് റോഡ് ഏറ്റവും കൂടുതലായി വെള്ളത്തില്‍ മുങ്ങിയത്. നാട്ടുകാര്‍ ഗതാഗതം തിരിച്ചു വിടുന്നുണ്ട്. നാളെ ഗതാഗതം നിലയ്ക്കാനും സാധ്യതയുണ്ട്. അമ്പലപ്പുഴ-തിരുവല്ല സംസ്ഥാന പാതയില്‍ നെടുമ്പ്രം ഭാഗത്ത് വെള്ളം കയറി റോഡ് മുങ്ങി. ഗതാഗതം നിലവില്‍ തടസ്സപ്പെട്ടിട്ടില്ല. അപ്പര്‍ കുട്ടനാട്ടിലെ ഒട്ടുമിക്ക പ്രാദേശിക റോഡുകളും വെള്ളത്തില്‍ മുങ്ങിയ അവസ്ഥയിലാണ്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

വീയപുരം, നിരണം, മുട്ടാര്‍ പഞ്ചായത്തിലും ജലനിരപ്പ് ക്രമാതീതമായി ഉയര്‍ന്നു. മുട്ടാര്‍ പഞ്ചായത്തിലെ നൂറിലധികം വീടുകളില്‍ വെള്ളം കയറി. ഒട്ടുമിക്ക പ്രദേശങ്ങളും വെള്ളത്തില്‍ മുങ്ങി. വെള്ളപ്പൊക്ക ബാധിത പ്രദേശങ്ങള്‍ ജില്ല കളക്ടര്‍ ഹരിത വി. കുമാര്‍ സന്ദര്‍ശിച്ചു. 4, 5, 6, 7, 8 വാര്‍ഡുകളിലാണ് വെള്ളപ്പൊക്കം രൂക്ഷമായിരിക്കുന്നത്. ഇവിടുത്തെ 22 കുടുംബങ്ങളെ മുട്ടാര്‍ സെന്റ് ജോര്‍ജ് ഹയര്‍ സെക്കണ്ടറി സ്‌കൂളിലേക്ക് മാറ്റി പാര്‍പ്പിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. പഞ്ചായത്ത് തലത്തില്‍ ദുരന്ത നിവാരണ അതോറിറ്റിയുടെ യോഗം ചേര്‍ന്നാണ് തീരുമാനമെടുത്തത്.

തലവടി കുന്നുമ്മാടി കുതിരച്ചാല്‍ കോളനിയിലെ നിരവധി വീടുകളും വെള്ളത്തില്‍ മുങ്ങി. നിരവധി ആളുകളാണ് കോളനിയില്‍ ഒറ്റപ്പെട്ട അസ്ഥയില്‍ കഴിയുന്നത്. അപ്പര്‍ കുട്ടനാട്ടില്‍ വെള്ളപ്പൊക്ക ദുരിതം ആദ്യം അനുഭവിക്കുന്ന സ്ഥലമായി കുതിരച്ചാല്‍ കോളനി മാറിയിട്ടുണ്ട്. കഴിഞ്ഞ മൂന്ന് ദിവസമായി നിര്‍ത്താതെ പെയ്യുന്ന കനത്ത മഴയ്ക്ക് ശമനമില്ലാതെ തുടരുകയാണ്. പത്തനംതിട്ട ജില്ലയില്‍ ശക്തമായ മഴയും കാറ്റും തുടരുന്നതിനാല്‍ കിഴക്കന്‍ വെള്ളത്തിന്റെ വരവും ഏറിയിട്ടുണ്ട്. പമ്പാനദിയിലും മണിമലയാറ്റിലും ജലനിരപ്പ് ക്രമാതീതമായി ഉയരുകയാണ്.

Hot Topics

Related Articles