ആലപ്പുഴ : കേന്ദ്ര സര്‍ക്കാരിന്റെ കുടിവെള്ള പദ്ധതിയായ ജല്‍ജീവന്‍ മിഷന്‍ വഴി കുടിവെള്ളം എത്തിക്കാന്‍ തകഴി പഞ്ചായത്തില്‍ നിലനിന്നിരുന്ന തടസ്സം നീങ്ങിയതായി കൊടിക്കുന്നില്‍ സുരേഷ് എം.പി അറിയിച്ചു. അമ്പലപ്പുഴ-തിരുവല്ല റോഡില്‍ തകഴി 101-ാം നമ്പര്‍ ലെവല്‍ക്രോസ്സിന് 400 മീറ്റര്‍ അകലെയുള്ള കരുമാടി ട്രീറ്റ്‌മെന്റ് പ്ലാന്റില്‍ നിന്നാണ് ഏഴായിരത്തോളം കുടുംബങ്ങള്‍ക്ക് വാട്ടര്‍ കണക്ഷന്‍ നല്‍കുന്നതിന് പൈപ്പലൈന്‍ സ്ഥാപിച്ച് ഓവര്‍ഹെഡ് ടാങ്കില്‍ വെള്ളമെത്തിച്ച് ശുദ്ധജലമെത്തിക്കേണ്ടത്. എന്നാല്‍ റെയില്‍വേ ലെവല്‍ക്രോസ്സ് ഉള്ളതിനാല്‍ കരുമാടി ട്രീറ്റ്‌മെന്റ് പ്ലാന്റില്‍ നിന്നും വെള്ളം കൊണ്ടുവരുന്നതിന് പൈപ്പ് ലൈന്‍ റെയില്‍വേ ട്രാക്കിനടിയിലൂടെ കൊണ്ടുപോകണമെങ്കില്‍ റെയില്‍വേയുടെ അനുമതി ആവശ്യമായിരുന്നു.
തകഴി പഞ്ചായത്തിലെ ഏഴായിരത്തോളം കുടുംബങ്ങള്‍ക്ക് കുടിവെള്ളം എത്തിക്കുന്നതിന് റെയില്‍വേയുടെ അനുവാദം ലഭിക്കുന്നതിന് ആവശ്യമായ ഇടപെടലുകള്‍ നടത്തണമെന്ന് അഭ്യര്‍ത്ഥിച്ച് ജല്‍ജീവന്‍ മിഷന്‍ പ്രോജക്ട് ഡയറക്ടറും വാട്ടര്‍ അതോറിറ്റി എക്‌സിക്യൂട്ടീവ് എഞ്ചിനീയറും കത്ത് നല്‍കിയിരുന്നതിന്റെ അടിസ്ഥാനത്തില്‍ സതേണ്‍ റെയില്‍വേ തിരുവനന്തപുരം ഡിവിഷല്‍ മാനേജരുമായും ഉയര്‍ന്ന ഉദ്യോഗസ്ഥന്മാരുമായും നടത്തിയ ചര്‍ച്ചയിലാണ് പൈപ്പ് ലൈന്‍ ട്രാക്കിനടിയിലൂടെ കടത്തി കൊണ്ടുപോകുന്നതിന് റെയില്‍വേ അനുമതി നല്‍കിയത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
വാട്ടര്‍ അതോറിറ്റി തയ്യാറാക്കിയ ഡ്രോയിംഗ് അനുസരിച്ച് ചെന്നൈ ആസ്ഥാനമായുള്ള സതേണ്‍ റെയില്‍വേ ജനറല്‍ മാനേജര്‍ക്ക് കത്ത് നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ ജനറല്‍ മാനേജര്‍ സതേണ്‍ റെയില്‍വേ ഉദ്യോഗസ്ഥന്മാര്‍ക്ക് ട്രാക്കിനടിയിലൂടെ പൈപ്പ്‌ലൈന്‍ സ്ഥാപിച്ച് ഓവര്‍ഹെഡ് ടാങ്കില്‍ വെള്ളമെത്തിക്കാന്‍ നിര്‍ദ്ദേശം നല്‍കുകയായിരുന്നു. ഇതോടെ തകഴി പഞ്ചായത്തിലെ ഏഴായിരത്തോളം കുടുംബങ്ങളുടെ വര്‍ഷങ്ങളായുള്ള കുടിവെള്ളത്തിനായുള്ള കാത്തിരിപ്പിനാണ് പരിഹാരമാകുന്നതെന്ന് കൊടിക്കുന്നില്‍ സുരേഷ് എംപി അറിയിച്ചു.