തിരുവല്ല : മീൻ വാങ്ങാൻ പോയ യുവതിയെ വീട്ടിലാക്കാമെന്ന് പറഞ്ഞു നിർബന്ധിച്ച് ബൈക്കിൽ കയറ്റിക്കൊണ്ടുപോകുകയും തുടർന്ന് ഹോട്ടലിൽ എത്തിച്ചു അപമാനിക്കുകയും ചെയ്ത കേസിൽ പ്രതിയെ പുളിക്കീഴ് പോലീസ് പിടികൂടി. ആലപ്പുഴ തലവടി വെള്ളക്കിണർ മുരുകഭവനം വീട്ടിൽ വിനയൻ എന്ന് വിളിക്കുന്ന ശ്രീകാന്തി(37)നെയാണ് അറസ്റ്റ് ചെയ്തത്. ജൂൺ 6 ന് വൈകിട്ട് 5 മണിക്ക് ശേഷം സൈക്കിൾ മുക്കിൽ വച്ചാണ് പ്രതി, യുവതിയെ നിർബന്ധിച്ച് മോട്ടോർ സൈക്കിളിൽ കയറ്റിയത്. വീട്ടിൽ കൊണ്ടുവിടാമെന്ന് പറഞ്ഞ ഇയാൾ, വീട്ടിൽ ഇറക്കാതെ ആറരയോടെ കടപ്രയിലെ ഒരു ഹോട്ടലിൽ കയറ്റി.
തുടർന്ന്, വാഷ് റൂമിൽ വച്ച് ദേഹത്ത് കടന്നുപിടിച്ച് അപമാനിക്കുകയായിരുന്നു.
പിന്നീട് യുവതിയെ ഇയാൾ നിരന്തരം രാത്രി സമയങ്ങളിൽ ഫോണിൽ വിളിച്ച് കൂടെ ഇറങ്ങി പോകണമെന്ന് നിർബന്ധിക്കുകയും, മാനസികമായി ബുദ്ധിമുട്ടിക്കുകയും ചെയ്തു. കടുത്ത മാനസിക സമ്മർദ്ദത്തിലായ ഇവർ, പുളിക്കീഴ് പോലീസിൽ ജൂൺ ആറിന് മൊഴിനൽകി. എ എസ് ഐ മിത്ര വി മുരളി, യുവതി ചികിത്സയിൽ കഴിഞ്ഞ ആശുപത്രിയിൽ എത്തി മൊഴി രേഖപ്പെടുത്തി. തുടർന്ന്, എസ് ഐ കുരുവിള സകറിയ കേസ് രജിസ്റ്റർ ചെയ്ത് പ്രാഥമിക അന്വേഷണം നടത്തി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കോടതിയിലും യുവതിയുടെ മൊഴി രേഖപ്പെടുത്തി. പ്രതിയുടെ മൊബൈൽ ഫോണിന്റെ സി ഡി ആർ എടുത്ത് പരിശോധിക്കുകയും, ലൊക്കേഷൻ കണ്ടെത്തി കഴിഞ്ഞ ദിവസം വീടിനു സമീപത്തുനിന്നും ഇയാളെ കസ്റ്റഡിയിൽ എടുക്കുകയുമായിരുന്നു. സ്റ്റേഷനിലെത്തിച്ച് വിശദമായി ചോദ്യം ചെയ്തപ്പോൾ പ്രതി കുറ്റം സമ്മതിച്ചു.
കുറ്റസമ്മതമൊഴിയുടെ അടിസ്ഥാനത്തിൽ നടത്തിയ തെളിവെടുപ്പിൽ, ഇയാൾ വാടകയ്ക്ക് താമസിക്കുന്ന ചക്കുളത്തെ വീട്ടിൽ നിന്നും മോട്ടോർ സൈക്കിൾ അന്വേഷണസംഘം കണ്ടെത്തി. പുളിക്കീഴ് പോലീസ് ഇൻസ്‌പെക്ടർ അജിത്കുമാറിന്റെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. അന്വേഷണസംഘത്തിൽ എസ് ഐ കെ സുരേന്ദ്രൻ , സി പി ഓ മാരായ വിനീത്, എസ് സുദീപ് കുമാർ, അനൂപ്, നവീൻ, രവികുമാർ, അലോഖ്, അഖിൽ എന്നിവരും ഉണ്ടായിരുന്നു.