ആലപ്പുഴ :
അമ്പലപ്പുഴ പുന്നപ്രയിൽ യുവാവിനെ ചവിട്ടി കൊലപ്പെടുത്തിയ കേസിലെ പ്രതിക്ക് ജീവപര്യന്തം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും. പുന്നപ്ര പഞ്ചായത്ത് പള്ളി വീട്ടിൽ സുരാജ് എന്ന് വിളിക്കുന്ന ശരത് പ്രസാദ് (34) നെയാണ് ആലപ്പുഴ അഡീഷണൽ സെഷൻസ് ജഡ്ജി ഭാരതി എസ് ജീവപര്യന്തം കഠിനതടവിനും. ഒരു ലക്ഷം രൂപ പിഴ നൽകാനും ശിക്ഷിച്ചത്. 2020 ഒക്ടോബർ 24 നായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്.
വാടയ്ക്കൽ തൈവേളിയിൽ വീട്ടിൽ 42 വയസ്സുള്ള പ്രഭാഷായിരുന്നു കൊല്ലപ്പെട്ടത്. ദൃക്സാക്ഷികളിൽ ഭൂരിഭാഗവും കൂറുമാറിയ കേസിൽ മരണപ്പെട്ട പ്രഭാഷിന്റെ സുഹൃത്ത് സജി മുകുന്ദന്റെ മൊഴിയും ശാസ്ത്രീയ തെളിവുകളും നിർണായകമായി. പുന്നപ്ര പൊലീസ് ഇൻസ്പെക്ടർ ആയിരുന്ന എം. യഹിയായിരുന്നു ഈ കേസിലെ അന്വേഷണ ഉദ്യോഗസ്ഥൻ. പ്രോസിക്യൂഷന് വേണ്ടി അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ എസ് .എ. ശ്രീമോൻ, അഡ്വ. ദീപ്തി, അഡ്വ. നാരായൺ, ജി. അശോക് എന്നിവർ ഹാജരായി. സബ് ഇൻസ്പെക്ടർ റ്റി. രാജേഷ്, സി.പി.ഒ അനിൽകുമാർ എന്നിവർ പ്രോസിക്യൂഷൻ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു.