ആലുവ: ആലുവയിൽ ബിഹാർ സ്വദേശിയായ അഞ്ച് വയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ പ്രതി അസ്ഫാക് ആലത്തിന്റെ ശിക്ഷ നവംബർ ഒൻപതിന് വിധിക്കും. പ്രതിയുടെ മാനസിക പരിശോധനാ റിപ്പോർട്ട് ഹാജരാക്കാൻ കോടതി നിർദ്ദേശം നൽകി. പ്രതി കുറ്റക്കാരനെന്ന് വിധിച്ച ശേഷമാണ് പ്രതിഭാഗം മാനസിക നില പരിശോധിക്കണമെന്ന് ആവശ്യപ്പെട്ടത്.
ജുവനൈൽ ജസ്റ്റിസ് ആക്ട് അടക്കമാണ് ചുമത്തിയിരിക്കുന്നത്. കൊലപാതകം, ബലാത്സംഗം ഉള്‍പ്പെടെ പ്രതിക്കെതിരെ ചുമത്തിയ 16 കുറ്റങ്ങളും തെളിഞ്ഞെന്നാണ് കോടതി വിധിപ്രസ്താവത്തില്‍ വ്യക്തമാക്കിയത്. സമാനതകളില്ലാത്ത ക്രൂരതയാണെന്നും പ്രതിക്ക് വധശിക്ഷ നൽകണമെന്നും വാദിച്ച പ്രൊസിക്യൂഷൻ പ്രതിക്ക് യാതൊരു മാനസിക പ്രശ്നവും ഇല്ലെന്നും പറഞ്ഞിരുന്നു. എറണാകുളം പ്രത്യേക പോക്സോ കോടതിയുടേതാണ് വിധി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പ്രതിയുടെ മാനസാന്തര സാധ്യത പരിശോധിക്കണം എന്ന് പ്രതിഭാഗം വാദിച്ചു. 100 ദിവസത്തിൽ താഴെ ആയതിനാൽ പ്രസ്തുത റിപ്പോർട്ട് ആവശ്യമില്ല എന്ന് പ്രോസിക്യൂഷൻ പറഞ്ഞു. പ്രതിക്ക് ഒരു മാനസിക പ്രശ്നവും ഇല്ല. നൂറ് ദിവസവും പ്രതിയിൽ ഒരു മാറ്റവും ഉണ്ടാക്കിയില്ല. പ്രതി ജയിലിലായിരുന്ന നൂറുദിവസത്തെ മാനസികാരോഗ്യ റിപ്പോര്‍ട്ട് ജയില്‍ വകുപ്പ് തയ്യാറാക്കിയിട്ടുണ്ട്. സമാനതകളില്ലാത്ത ക്രൂരതയാണ് ചെയ്തിരിക്കുന്നത്. പ്രതി പരമാവധി ശിക്ഷ അർഹിക്കുന്നുവെന്നും പ്രോസിക്യൂഷൻ വാദിച്ചു. ഒരു മാനസാന്തരവും പ്രതിയുടെ ഭാഗത്തുണ്ടായിട്ടില്ലെന്നും പ്രോസിക്യൂഷൻ പറഞ്ഞു. പ്രോസിക്യൂഷന്റെയും പ്രതിഭാഗത്തിന്റെയും വാദങ്ങള്‍ കേട്ടശേഷമാണ് കേസിലെ ശിക്ഷാവിധി നവംബര്‍ ഒന്‍പതിന് പ്രസ്താവിക്കുമെന്ന് കോടതി വ്യക്തമാക്കിയത്.
അസഫാക് ആലത്തിന് വധശിക്ഷ തന്നെ നൽകണമെന്ന് കുട്ടിയുടെ കുടുംബം ആവശ്യപ്പെട്ടു. സര്‍ക്കാരടക്കം എല്ലാവരും ഒപ്പം നിന്നു എന്നും കുടുംബം പ്രതികരിച്ചു. കോടതി വിധിയിൽ സന്തോഷമെന്നും പ്രതിയെ കുറ്റക്കാരനെന്ന് കണ്ടെത്തിയതിൽ നന്ദിയെന്നും കുട്ടിയുടെ പിതാവ് പറഞ്ഞു. സർക്കാരിനും പൊലീസിനും ഒപ്പം നിന്ന എല്ലാവർക്കും നന്ദിയെന്നും അദ്ദേഹം പ്രതികരിച്ചു.