തെലങ്കാന : പറഞ്ഞുകുടുങ്ങിയതു പോലെയായി കാര്യങ്ങള്‍. തെലങ്കാനയിലെ തെരഞ്ഞെടുപ്പ് റാലിയില്‍ അദാനി-അംബാനിമാരെക്കുറിച്ച് പറയുമ്ബോള്‍ വരാനിരിക്കുന്നത് വലിയ വയ്യാവേലിയാവുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഓർത്തുകാണില്ല. താനുമായി വളരെ രമ്യതയിലും സ്നേഹത്തിലും കഴിഞ്ഞുപോകുന്നവരെ, മറുപക്ഷത്തുള്ളവരുടെ പേരിനോട് ചേർത്തുകെട്ടുമ്ബോള് ഉണ്ടാകാവുന്ന പുകില് മനസ്സിന്റെ പ്രോംപ്റ്ററില്‍ പെട്ടെന്ന് തെളിയാത്തതുകൊണ്ടാവണം.
അതും ചില്ലറ ആരോപണമല്ല മോദി ഉയർത്തിയത്. അദാനി-അംബാനിമാർ നട്ടപ്പാതിരക്ക് ടെമ്ബോയില്‍ കയറ്റി ലോഡുകണക്കിന് പണം കോണ്‍ഗ്രസിന് നല്‍കിയെന്നൊക്കെ പറയുന്നത് കേട്ട് ഞെട്ടിയത് കോണ്‍ഗ്രസുകാരേക്കാള്‍ ബി.ജെ.പിക്കാരാണെന്നു മാത്രം. കൈയിലുള്ള കാല്ക്കാശുവരെ ആദായ നികുതിക്കാർ മരവിപ്പിച്ച് നിർത്തിയതിനാല്‍ നോട്ടീസടിക്കാനുള്ള പണം പോലുമില്ലാതെ വലയുന്നതിനിടയിലാണ് കോണ്‍ഗ്രസിന് ഇതു കേള്‍ക്കേണ്ടി വരുന്നതെന്നത് മറ്റൊരു വിരോധാഭാസം.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
വിദ്വേഷ പരാമർശങ്ങളുടെ ഭീകരമായ പല അവസ്ഥാന്തരങ്ങളും പരീക്ഷിക്കുന്നതിനിടയിലായിരുന്നു തെലങ്കാനയിലെ റാലിയില്‍ അദാനിയെയും അംബാനിയെയും അപ്രതീക്ഷിതമായി വലിച്ചിഴച്ചത്. സ്ഥാനത്തും അസ്ഥാനത്തുമൊക്കെ കോണ്‍ഗ്രസിനെ വിമർശിക്കാനുള്ള വ്യഗ്രതയില്‍ സംഗതി പിഴച്ചുപോയെന്നത് നൂറുതരം. കോണ്‍ഗ്രസിനാകട്ടെ, ആ ആരോപണമങ്ങ് വല്ലാതെ സുഖിച്ചു. അവരത് സമൂഹ മാധ്യമങ്ങളിലും മറ്റും നന്നായി ആഘോഷിക്കുകയും ചെയ്തു. ഉരുളക്കുപ്പേരി പോലെ മറുപടിയുമായി രാഹുല്‍ ഗാന്ധി രംഗത്തെത്തി. അർധരാത്രിയില്‍ ലോഡുകണക്കിന് കള്ളപ്പണം കോണ്‍ഗ്രസിന് നല്കിയിട്ടുണ്ടെങ്കില് വൈകാതെ അന്വേഷണം വേണമെന്നായി രാഹുല്‍. 10 വർഷം അദാനി-അംബാനി എന്ന് മിണ്ടാത്ത മോദി ഇപ്പോള്‍ പേടിച്ചരണ്ടിട്ട് അവരെ വിളിച്ച് ‘എന്നെ രക്ഷിക്കണേ’ എന്ന് നിലവിളിക്കുകയാണെന്നും രാഹുല്‍ തിരിച്ചടിച്ചു.
മോദിയെ പിന്തുണക്കാനോ അദാനി-അംബാനിമാർക്കെതിരെ ആരോപണം ആവർത്തിക്കാനോ ബി.ജെ.പി പാളയത്തില്‍നിന്ന് അമിത് ഷാ ഉള്‍പ്പെടെ ആരും തയാറായതുമില്ല. തങ്ങളെ അകമഴിഞ്ഞ് തുണക്കുന്ന നരേന്ദ്ര മോദി ശത്രുപാളയത്തിലുള്ള കോണ്‍ഗ്രസുമായി കൂട്ടിക്കെട്ടി തങ്ങളെ പ്രതിക്കൂട്ടിലാക്കിയതില്‍ അദാനി-അംബാനിമാർ അമ്ബരന്നുപോയിരിക്കണം. കള്ളപ്പണവുമായി ബന്ധപ്പെട്ട ആ അവാസ്തവ പ്രചാരണത്തിനെതിരെ, പക്ഷേ ഒരു പ്രസ്താവന പോലും ഇറക്കാൻ കഴിയാതെ ത്രിശങ്കുവിലായി നില്പാണ് പാവം അദാനിയും അംബാനിയും. എന്നാല്‍, ആ ഒരൊറ്റ റാലിയില്‍ മാത്രമേ മോദിയുടെ നാവില്‍നിന്ന് അദാനി-അംബാനി എന്നത് പുറത്തുവന്നുള്ളൂ. താൻ കുഴിച്ച കുഴിയില്‍ താൻ തന്നെ വീണു എന്നായപ്പോള്‍ ‘മുതലാളിമാരെ’ തൊട്ടുള്ള കളി സ്വിച്ചിട്ടതുപോലെ നിന്നു. മോദിയുടെ പൊതുറാലികളില്നിന്ന് വെള്ളിയാഴ്ച മുതല്‍ അദാനിയും അംബാനിയും എന്ന് കേട്ടതേയില്ല. പിന്നീടിതുവരെ മറ്റൊരു സ്ഥലത്തും അവരെ പേരെടുത്ത് പരാമർശിച്ചിട്ടില്ല.
മഹാരാഷ്ട്രയിലെ നന്ദർബറില്‍ വെള്ളിയാഴ്ച നടന്ന ആദ്യ റാലിയില്‍ പഴയ അടവുകളിലേക്ക് തന്നെ തിരിച്ചെത്തി. കോണ്‍ഗ്രസ് വിരുദ്ധതയും വിദ്വേഷ പരാമർശങ്ങളും വീണ്ടും അരങ്ങുനിറഞ്ഞു. കോണ്‍ഗ്രസ് കടുത്ത ഹിന്ദു വിരുദ്ധരാണെന്നത് പ്രസംഗങ്ങളില്‍ ആവർത്തിച്ചാവർത്തിച്ച് പറഞ്ഞുകൊണ്ടിരുന്നു. രാമന്റെ രാജ്യത്തില്‍ രാമക്ഷേത്രം ദേശവിരുദ്ധമാണെന്ന് കോണ്‍ഗ്രസ് പറയുന്നുവെന്ന് വ്യാകുലപ്പെട്ടു. ഇൻഡ്യ സഖ്യം എന്നെയല്ല, നിങ്ങളുടെ വിശ്വാസത്തെയാണ് ആക്രമിക്കുന്നത്…അവർ ഹിന്ദു വിശ്വാസത്തെ രാജ്യത്തുനിന്ന് ഇല്ലായ്മ ചെയ്യാനാണ് ശ്രമിച്ചുകൊണ്ടിരിക്കുന്നത്….ധ്രുവീകരണം ലക്ഷ്യമിട്ടുള്ള പതിവു പല്ലവികളിലൂന്നിയാണിപ്പോള് പ്രസംഗങ്ങള്‍.